ഭുവനേശ്വര്‍ :സ്വവര്‍ഗാനുരാഗികളെ (Homosexuals) തമ്മില്‍ ഗേ ഡേറ്റിങ് ആപ്പുകള്‍ (Gay Dating Apps) വഴി ബന്ധിപ്പിച്ച് പണം തട്ടിയിരുന്ന പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയില്‍. പണത്തിനും വിലകൂടിയ മൊബൈല്‍ഫോണുകള്‍ക്കുമായി സ്വവര്‍ഗാനുരാഗവും സ്വവര്‍ഗരതിയും പ്രോത്സാഹിപ്പിച്ച് യുവാക്കളെ വലയിലാക്കിയിരുന്ന സംഘത്തെ ഭുവനേശ്വറിലെ കമ്മിഷണറേറ്റ് പൊലീസാണ് (Bhubaneswar Commissionarate Police) പിടികൂടിയത്. കസ്‌റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ കുറ്റവാളികളില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്ത മറ്റ് നാലുപേരെ ജുവനൈല്‍ ഹോമിലേക്ക് (Juvenile Home) മാറ്റുകയും ചെയ്‌തു.
തട്ടിപ്പ് ഇങ്ങനെ :സ്വവര്‍ഗാനുരാഗികളായ യുവാക്കളെയായിരുന്നു സംഘം ലക്ഷ്യം വച്ചിരുന്നത്. ഇവരെ ഗേ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് സൗഹൃദപരമായ ചാറ്റുകളിലൂടെയാണ് സംഘം പരസ്‌പരം പരിചയപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇവരെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനായി അജ്ഞാതമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു കെണിയിലാക്കിയിരുന്നത്. അറസ്‌റ്റിലായ പ്രതിയും മറ്റ് നാല് പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരും ചേര്‍ന്നാണ് ഈ സംഘം രൂപീകരിച്ചതെന്ന് ഭുവനേശ്വര്‍ സോണ്‍ 2 എസിപി ഗിരിജ ചക്രബര്‍ത്തി അറിയിച്ചു (Sextortion Through Gay Dating Apps).
പണവും ആഡംബരവും :പുതിയ വാഹനങ്ങള്‍ ഓടിക്കുന്നതിലും പുത്തന്‍ മൊബൈല്‍ഫോണുകള്‍ കൈവശം വയ്‌ക്കുന്നതിലുമാണ് ഇവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നത്. ഇതിനായി പ്രായപൂര്‍ത്തിയാവാത്ത കോളജ് വിദ്യാര്‍ഥികളായ ഇവര്‍ ഫ്രണ്ട്‌ഷിപ്പ് ആപ്പുകളിലും ഗേ ഡേറ്റിങ് ആപ്പുകളിലും ഐഡികള്‍ നിര്‍മിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി മെസേജുകളിലൂടെ നിരവധി യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നുവെന്നും തട്ടിപ്പിനിരയായവരെല്ലാം തന്നെ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും എസിപി ഗിരിജ ചക്രബര്‍ത്തി അറിയിച്ചു.