മുംബൈ : ലൈംഗിക തൊഴിൽ കുറ്റകരമല്ലെന്ന് വ്യക്തമാക്കി മുംബൈ സെഷൻസ് കോടതി. എന്നാൽ പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും കോടതി വിശദീകരിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽട്ടര്‍ ഹോമിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വനിതാ ലൈംഗിക തൊഴിലാളിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് മുംബൈ സെഷൻസ് കോടതിയുടെ പരാമർശം.
അഡീഷണൽ സെഷൻസ് ജഡ്‌ജി സി വി പാട്ടീലിന്‍റേതാണ് ഉത്തരവ്. 34കാരിയായ വനിതാ ലൈംഗിക തൊഴിലാളിയെ ഷെൽട്ടര്‍ ഹോമിൽ ഒരു വർഷം തടവിൽ പാർപ്പിക്കാൻ മസ്ഗോൺ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മുംബൈ സെഷൻസ് കോടതിയുടെ ഉത്തരവ്.
ലൈംഗിക തൊഴിലാളിയുടെ സുരക്ഷണവും പുനരധിവാസവും കണക്കിലെടുത്താണ് മാർച്ച് 15ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്‌ത് യുവതി മുംബൈ സെഷൻസ് കോടതിയെ സമീപിച്ചു. തടങ്കലിൽ പാർപ്പിക്കാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഇത് സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.
ഫെബ്രുവരിയിൽ സബർബൻ മുളുന്ദിലെ കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡിനെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും യുവതിയെയും മറ്റ് രണ്ട് പേരെയും മസ്‌ഗോണിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. തുടർന്നാണ് പരിചരണത്തിനും സംരക്ഷണത്തിനും അഭയം നല്‍കാനുമായി യുവതിയെ ദേവനാറിലെ നവജീവൻ മഹിള വസ്‌തിഗൃഹയിലേക്ക് അയച്ചത്.
ചട്ടം അനുസരിച്ച്, സ്വന്തം ഇഷ്‌ടപ്രകാരം ലൈംഗിക ജോലിയിൽ ഏർപ്പെടുന്നത് കുറ്റമല്ല. എന്നാൽ, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പൊതുസ്ഥലത്ത് ലൈംഗിക ജോലി ചെയ്യുന്നതിനെ കുറ്റമായി കണക്കാക്കാമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. യുവതി പൊതുസ്ഥലത്ത് ലൈംഗികതയിൽ ഏർപ്പെട്ടതായി ആരോപണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.