കേരളം

kerala

ETV Bharat / bharat

'ലൈം​ഗിക ബന്ധത്തെ ബലാത്സം​ഗമായി മുദ്ര കുത്താനാകില്ല'; വൈവാഹിക ബലാത്സം​ഗ കേസിൽ എൻജിഒ - ഡൽഹി ഹൈക്കോടതി വൈവാഹിക ബലാത്സംഗം

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജികളിൽ അവസാന ഘട്ട വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി

marital rape latest sex in marriage is not rape criminalising marital rape delhi high court plea against marital rape വൈവാഹിക ബലാത്സംഗം വൈവാഹിക ബലാത്സംഗം പൊതുതാൽപ്പര്യ ഹർജി ഡൽഹി ഹൈക്കോടതി വൈവാഹിക ബലാത്സംഗം ഹൃദയം ഫൗണ്ടേഷൻ വൈവാഹിക ബലാത്സംഗം
'ലൈം​ഗിക ബന്ധത്തെ ബലാത്സം​ഗമായി മുദ്ര കുത്താനാകില്ല'; വൈവാഹിക ബലാത്സം​ഗ കേസിൽ എൻജിഒ

By

Published : Jan 26, 2022, 6:24 AM IST

ന്യൂഡൽഹി: ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് മുദ്രകുത്താൻ കഴിയില്ലെന്ന് എൻജിഒ. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജിയിൽ അവസാന ഘട്ട വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. ഹൃദയം ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് വൈവാഹിക ബലാത്സം​ഗം കുറ്റകരമാക്കുന്നതിനെ എതിർത്തത്.

ലൈംഗിക അതിക്രമത്തിനിരയായെന്ന് പറയാമെന്നും ഗാർഹിക വകുപ്പിലെ സെക്ഷൻ 3 പ്രകാരം ലൈം​ഗിക അതിക്രമത്തെ ക്രൂരതയുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ ആർ.കെ കപൂർ വാദിച്ചു. സ്ത്രീയുടെ അന്തസിനെ ദുരുപയോഗം ചെയ്യുന്നതോ അപമാനിക്കുന്നതോ തരംതാഴ്ത്തുന്നതോ ആയ ലൈംഗിക സ്വഭാവവും ഇതിൽ ഉൾപ്പെടുമെന്ന് അഭിഭാഷകൻ ചൂണ്ടികാട്ടി.

ഭാര്യക്ക് തന്‍റെ ഈഗോ തൃപ്‌തിപ്പെടുത്താൻ ഭർത്താവിനെതിരെ ഒരു പ്രത്യേക ശിക്ഷ നിർദേശിക്കാൻ പാർലമെന്‍റിനെ നിർബന്ധിക്കാനാവില്ല. ഐപിസി സെക്ഷൻ 376 ഉം ഗാർഹിക പീഡന നിയമത്തിലെയും ഒരേയൊരു വ്യത്യാസം ശിക്ഷയുടെ അളവ് മാത്രമാണ്. ദാമ്പത്യ ബന്ധത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മുദ്രകുത്താൻ കഴിയില്ലെന്നും മോശമായ പെരുമാറ്റത്തെ ലൈംഗികാതിക്രമമെന്ന് പറയാമെന്നും അഭിഭാഷകൻ വാദിച്ചു.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻജിഒ റിട്ട് ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ഒരു സത്രീ, ഒരു പുരുഷൻ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിലാണ് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ രാജീവ് ശക്‌ധേർ, സി ഹരി ശങ്കർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഐപിസി സെക്ഷൻ 375 (ബലാത്സം​ഗ നിയമം) പ്രകാരം ഒരു പുരുഷൻ, 15 വയസ് തികഞ്ഞ സ്വന്തം ഭാര്യയുമായി പുലർത്തുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്‍റെ പരിധിയിൽപ്പെടില്ല.

Also read: അവിവാഹിതയെ പീഡിപ്പിക്കുന്നതും വിവാഹിതയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമെന്ത് : ഡല്‍ഹി ഹൈക്കോടതി

ലൈംഗികത്തൊഴിലാളിക്ക് സെക്‌സിന് താല്‍പര്യമില്ലെന്ന് പറയാനുള്ള അവകാശമുള്ളപ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കാത്തതെന്താണെന്ന് ഡൽഹി ഹൈക്കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. സ്ത്രീകളുടെ വിഷയം വരുമ്പോള്‍ ഭാര്യയ്ക്ക് കുറഞ്ഞ ശാക്തീകരണം നടപ്പിലാവുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള താരതമ്യം വിവാഹമെന്ന വ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ലൈംഗികത്തൊഴിലാളിയുടെ കാര്യത്തിൽ വൈകാരിക ബന്ധമില്ലാത്തതിനാൽ താരതമ്യം ചെയ്യാനാകില്ലെന്നും കപൂർ വാദിച്ചു.

ഐപിസി 375-ാം വകുപ്പ് പ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ ചില തടസങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും, ഈ ഇളവുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയെ ലംഘിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. വിവാഹമെന്ന വ്യവസ്ഥയെ സംരക്ഷിക്കാനാണ് ബലാത്സം​ഗ നിയമത്തിലെ ഇളവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും ആർട്ടിക്കിൾ 14, 15, 21 എന്നിവയുടെ ലംഘനം നടക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

Also read: ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി

സ്ത്രീയുടെ പരാതികൾ പരിഹരിക്കാൻ ഐപിസിയിലും മറ്റ് ചട്ടങ്ങളിലും മതിയായ വ്യവസ്ഥകൾ ഉള്ളപ്പോൾ ബലാത്സം​ഗ നിയമത്തിൽ നിന്ന് വൈവാഹിക ബലാത്സംഗം ഒഴിവാക്കാനുള്ള പാർലമെന്‍റിന്‍റെ വിവേകത്തെ സംശയിക്കേണ്ടതില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ജുഡീഷ്യൽ റിവ്യൂ വിഷയങ്ങളിൽ കോടതിയുടെ അധികാരത്തിന് പരിമിതികളുണ്ടെന്നും പാർലമെന്‍റിനോട് (ചില മാറ്റങ്ങൾ ആവശ്യമെങ്കിൽ മാത്രം) കോടതിക്ക് ശിപാർശ ചെയ്യാൻ മാത്രമേ സാധിക്കൂവെന്നും കപൂർ പറഞ്ഞു.

അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട മുതിർന്ന അഭിഭാഷകരായ റെബേക്ക ജോണും രാജശേഖർ റാവുവും വൈവാഹിക ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്നും ബലാത്സം​ഗ നിയമത്തിലെ ഇളവുകൾ റദ്ദാക്കണമെന്നും കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. അതേസമയം, വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. വിഷയത്തിൽ ക്രിയാത്മകമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു. കേസിൽ ജനുവരി 27ന് വാദം തുടരും.

ABOUT THE AUTHOR

...view details