ജയ്‌പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ തിജാര മേല്‍പ്പാലത്തില്‍ കടുത്ത രക്തസ്രാവത്തോടെ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പതിനാലുകാരി വീട്ടില്‍ നിന്ന് നഗരത്തിലേക്ക് തനിച്ചാണ് വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി തിജാര മേല്‍പ്പാലത്തില്‍ രക്തംവാർന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് പരിക്കുകളേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി രണ്ടര മണിക്കൂർ നീണ്ട റെക്‌റ്റം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി ഡോക്‌ടർമാർ അറിയിച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർദേശം നൽകിയിരുന്നു. തുടര്‍ന്ന് അൽവാർ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു.
25 കിലോമീറ്ററോളം തനിയെ സഞ്ചരിച്ചു
പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളൊന്നും തന്നെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് സൂചിപ്പിക്കുന്നില്ലെന്ന് അല്‍വാര്‍ എസ്‌പി തേജസ്വനി ഗൗതം പറഞ്ഞു. മെഡിക്കല്‍ വിദഗ്‌ധരുടെ റിപ്പോര്‍ട്ടിന്‍റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് എസ്‌പി വിശദീകരിച്ചു.
എന്നാല്‍ പെൺകുട്ടിക്ക് എങ്ങനെയാണ് ഇത്രയും ഗുരുതരമായ പരിക്കുകൾ പറ്റിയതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി തന്‍റെ ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്ററോളം ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അൽവാർ നഗരത്തിലെത്തി, തുടർന്ന് തിജാര മേല്‍പ്പാലത്തിലെത്തുകയായിരുന്നു.