ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ട്. 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ട്.
ഏപ്രിൽ 14 മുതൽ 16 വരെ കേരളം, തമിഴ്‌നാട്, മാഹി, കർണാടകയുടെ തീരപ്രദേശം എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മധ്യപ്രദേശിലെ ചിലയിടങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
അടുത്ത 24 മണിക്കൂറിൽ തെലങ്കാന, വിദർഭ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. പ്രദേശത്ത് 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 14 മുതൽ 17 വരെ ഹിമാലയൻ പ്രദേശത്ത് ഇടി മിന്നലോടുകൂടിയ മഴ പെയ്യുമെന്നും ഐഎംഡി അറിയിച്ചു. ഏപ്രിൽ 14-16 തീയതികളിൽ ജമ്മു കശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിൽ ആലിപ്പഴം വീഴുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,മലപ്പുറം, പാലക്കാട്, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ഐഎംഡി റിപ്പോർട്ട്.