കത്ര :ജമ്മു കശ്‌മീരിൽ ബസ് പാലത്തിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണ് 10 മരണം. അമൃത്‌സറിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഝജ്ജർ കോട്‌ലി പ്രദേശത്തുവച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
കത്രയിലേക്ക് പോവുകയായിരുന്ന ബസ് ഝജ്ജർ കോട്‌ലി പ്രദേശത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. കത്രയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് അപകടം. ത്രികൂട മലനിരകളിലെ പ്രശസ്‌തമായ മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്നതിനായി തീർഥാടകരുമായി വന്ന ബസ് ബേസ് ക്യാമ്പായ കത്രയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ പത്ത് പേർ മരിച്ചതായും 55 പേർക്ക് പരിക്കേറ്റതായും ജമ്മു സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി സ്ഥിരീകരിച്ചു. എട്ട് പേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് പ്രിൻസിപ്പൽ ജിഎംസി ജമ്മു, ഡോ.ശശിസുതന്‍ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ പലരും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിന് കാരണം ബസിന്‍റെ അമിത വേഗത : വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് ബസിലെ യാത്രക്കാരനായ ബിഹാർ സ്വദേശി അജയ് പറഞ്ഞു. ബസിന്‍റെ അമിത വേഗതയായിരുന്നു അപകടത്തിന് കാരണം. പെട്ടെന്ന് ബസ് നിയന്ത്രണം തെറ്റി വലിയ ശബ്‌ദത്തോടെ പാലത്തിൽ നിന്ന് താഴേക്ക് വീണു. ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ദൃശ്യം ഇപ്പോഴും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല - അജയ് പറഞ്ഞു.