ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അമിത വേഗതയിലെത്തിയ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി അഞ്ച് മരണം. ഖേരി- ഭാരായിച്ച് ഹൈവേയിലെ പാംഗി ഗ്രാമത്തിന് സമീപം ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് ഒരു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
ഉത്തർപ്രദേശിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 5 മരണം - ലഖിംപൂർ ഖേരി
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്ക് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.
ലഖിംപൂർ ഖേരിയിലെ പാംഗി ഖുർദ് സ്വദേശികളായ റിസ്വാൻ (20), കരൺ (14), പരസ് നിഷാദ് (84), കരുണേഷ് വർമ (30), വീരേന്ദ്ര വർമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 15 പേരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി 7.30 ഓടെയാണ് പ്രദേശത്ത് ഒരു കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്. ഇത് നിരീക്ഷിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായാണ് ഗ്രാമവാസികൾ റോഡിലേക്കെത്തിയത്.
എന്നാൽ ഇവരുടെ ഇടയിലേക്ക് ബഹ്‌റൈനിൽ നിന്ന് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ ഇടിച്ച് തെറുപ്പിച്ച ശേഷം ട്രക്ക് മുന്നിലുള്ള ഓടയിലേക്ക് വീണു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.