ഇംഫാൽ: മണിപ്പൂരിലെ ബിഷ്‌ണുപൂർ ജില്ലയിലെ കാങ്‌വായ് പ്രദേശത്ത് വ്യത്യസ്‌ത സംഭവങ്ങളിൽ മണിപ്പൂർ പൊലീസ് കമാൻഡോയും ഒരു കൗമാരക്കാരനും ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് കലാപം തുടരുന്നതിനിടെ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പൊലീസ് കമാൻഡോ അടക്കം നാല് പേർ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
മൊയ്‌റാങ് ടുറെൽ മാപ്പനിൽ വ്യാഴാഴ്‌ച (ജൂലൈ ആറ്) വൈകുന്നേരം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് മറ്റ് മൂന്നുപേർ ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാങ്‌വായ്, സോംഗ്‌ഡോ, അവാങ് ലേഖായി ഗ്രാമങ്ങളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുക്കികളും ഒരാൾ 17കാരനായ മെയ്‌തേയി വിഭാഗക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. എതിരാളികൾ തമ്മിലുള്ള വെടിവയ്‌പ്പിനിടെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൗമാരക്കാരന് വെടിയേറ്റതെന്നാണ് വിവരം.
സംസ്ഥാനത്ത് സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ സുരക്ഷാസേന ബഫർ സോൺ സൃഷ്‌ടിച്ചിട്ടും രാത്രിയിൽ ഇരുസമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ വെടിവയ്‌പ്പ് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മലഞ്ചെരുവിൽ നിന്നുള്ള ആളുകൾ താഴ്‌വരയിലെ ചില ഗ്രാമങ്ങൾ കത്തിക്കാൻ ശ്രമിച്ചിരുന്നു. പ്രദേശത്തിന് പുറത്ത് ഒത്തുകൂടിയ ഇവരോട് തിരികെ പോകാൻ നാട്ടുകാർ അഭ്യർഥിച്ചെങ്കിലും വഴങ്ങിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം വിവരമറിഞ്ഞെത്തിയ സുരക്ഷാസേന സമയബന്ധിതമായി ഇടപെട്ടതിനാൽ ഒരു വീടിന് തീയിടുന്നതിൽ നിന്ന് കലാപകാരികളെ തടയാനായി. എന്നിരുന്നാലും കാങ്‌വായ്, സോങ്‌ഡോ, അവാങ് ലേഖായ് ഗ്രാമങ്ങളിൽ നിന്നുള്ള സ്‌റ്റാൻഡ്‌ഓഫ് റേഞ്ചുകളിൽ നിന്ന് ഇരുസമുദായത്തിൽ നിന്നുമുള്ള ചിലർ പരസ്‌പരം വെടിയുതിർത്തതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് വെടിവയ്‌പ്പ് അവസാനിപ്പിച്ചത്.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും അക്രമ സംഭവങ്ങൾ ഉടലെടുക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പകൽ സമയത്തും ഇടയ്‌ക്കിടെയുള്ള വെടിവയ്പ്പ് തുടരുകയാണെന്നും വെള്ളിയാഴ്‌ച വൈകുന്നേരം പൊലീസ് കമാൻഡോകൾക്ക് മാരകമായി പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫൗബക്‌ചാവോ പ്രദേശത്തുവെച്ചാണ് കൗമാരക്കാരൻ കൊല്ലപ്പെട്ടത്. ഇതിനിടെ, പ്രകോപിതരായ പ്രദേശവാസികൾ വെടിവയ്‌പ്പിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ മൊയ്‌റാംങിലെ തെരുവിലിറങ്ങി. പ്രതിഷേധക്കാരിൽ കൂടുതലും സ്‌ത്രീകൾ ആയിരുന്നു.
അതേസമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30ന് ഫൗബക്‌ചാവോയ്ക്ക് സമീപമുള്ള ചുരന്ദ്പൂർ ജില്ലയിലെ അവാങ് ലെയ്‌കെയ്, കാങ്‌വായ് എന്നിവിടങ്ങളിലാണ് ആയുധധാരികളായ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തിലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മേയ് മൂന്നിന് പട്ടികവര്‍ഗ പദവിയ്ക്കായുള്ള മെയ്‌തേയ് സമുദായത്തിന്‍റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദ്യം സംഘര്‍ഷം ഉടലെടുത്തത്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയികള്‍ ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളമുള്ള ഗോത്രവർഗക്കാരായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘർഷത്തിലും കലാപത്തിലും ഇതുവരെ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. 50,000ത്തോളം ആളുകളാണ് കലാപത്തെ തുടർന്ന് 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.
സംസ്ഥാനത്തെ അക്രമം നിയന്ത്രിക്കാനും ക്രമസമാധാനം സാധാരണ നിലയിലാക്കാനും മണിപ്പൂർ പൊലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, കൗമാരക്കാരനായ മയങ്‌ബാം റിക്കിയുടെ കൊലപാതകത്തെ അപലപിച്ച് മൊയ്‌റാംഗ് ഹയർ സെക്കൻഡറിയിലെ നിരവധി വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൊലപാതകത്തെ ശക്തമായി അപലപിച്ച ഇവർ ക്വാക്തയിലെ തെരുവുകളിൽ 'ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്, യുദ്ധമല്ല' എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‌തു.