തഞ്ചാവൂർ:തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ചിത്തിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥ ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. കാളിമേട് ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ 3.15 ഓടെ നടന്ന ഘോഷയാത്രക്കിടെ രഥം 30 അടി ഉയരത്തിലുണ്ടായിരുന്ന ഹൈ വോൾട്ടേജുള്ള വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു.
കണിമേട് സ്വദേശികളായ എം മോഹനൻ (22), മുൻ സൈനികൻ കെ പ്രതാപ് (36), അൻപഴകൻ (60), മകൻ രാഘവൻ (24), നാഗരാജ് (60), ആർ സന്തോഷ് (15), ടി സെൽവം (56), എം രാജ്‌കുമാർ (14), ആർ സ്വാമിനാഥൻ (56), ബി ഹരീഷ് (11), എ ഗോവിന്ദരാജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർ സംഭവ സ്ഥലത്തും ഒരു കുട്ടി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
തഞ്ചാവൂർ രഥ ഘോഷയാത്രക്കിടെ വൈദ്യുതാഘതമേറ്റ് 11 മരണം ഘേഷയാത്ര ലക്ഷ്യസ്ഥാനത്തേക്കെത്തുന്നതിന് 15 മിനിട്ട് മുൻപാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഘോഷയാത്രക്കിടെ റോഡിൽ വെള്ളം ഒഴിച്ചതാണ് അപകടത്തിന്‍റെ തോത് വർധിപ്പിച്ചത്. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രഥം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തമിഴ്‌നാട് സർക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി അൻബിൽ മഹേഷും തഞ്ചൂരിലേക്ക് തിരിച്ചു.