ന്യൂഡൽഹി:രാജ്യത്തുടനീളമുള്ള കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയോളം കേസുകൾ. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് പോർട്ടൽ വഴി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഫെബ്രുവരി ഒന്ന് വരെ 69,511 കേസുകൾ സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. വാദം ആരംഭിക്കാത്ത 50,275 കേസുകളിൽ 39,740 എണ്ണം എല്ലാ പ്രാഥമിക രേഖകൾ നൽകിയവയും പൂർണ്ണമായും ഹിയറിംഗിന് തയ്യാറായതുമാണ്. 10,535 കേസുകളുടെ പ്രാഥമിക നടപടികൾ അപൂർണ്ണമായതിനാൽ ഹിയറിംഗിനായി ലിസ്റ്റ് ചെയ്യാൻ കഴിയില്ല.
പ്രോസസ് ഫീസ്, നോട്ടിസ് നൽകൽ, മറ്റുള്ളവയുടെ അപേക്ഷകൾ എന്നിവ ഉൾപ്പെടുന്ന ഘട്ടത്തെയാണ് പ്രിലിമിനറി എന്ന് പറയുന്നത്. 19,236 കേസുകൾ റെഗുലർ ഹിയറിംഗ് തീർപ്പാക്കാത്ത പട്ടികയിലുണ്ട്. ഇതിൽ 19,201 എണ്ണം പ്രാഥമിക ഘട്ടങ്ങൾ പൂർത്തിയായതും ഹിയറിങ്ങിന് ലിസ്റ്റ് ചെയ്യാവുന്നവയുമാണ്, 35 എണ്ണം പ്രിലിമിനറികൾ അപൂർണ്ണമായതിനാൽ ഹിയറിംഗിനായി ലിസ്റ്റ് ചെയ്യാൻ കഴിയാത്തവയാണ്. 15.21 ശതമാനം കേസുകളും പ്രിലിമിനറികൾ പൂർത്തിയാകാത്തവയാണ്.
ആകെ 479 ഭരണഘടന ബെഞ്ച് കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. 479-ൽ 329 എണ്ണം അഞ്ചംഗ ഭരണഘടന ബെഞ്ചിലും 15 എണ്ണം ഏഴംഗ ഭരണഘടന ബെഞ്ചിലും 135 എണ്ണം ഒമ്പതംഗ ഭരണഘടന ബെഞ്ചിലും കെട്ടിക്കിടക്കുകയാണ്. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സുപ്രീം കോടതി പതിവ് ഭരണഘടന ബെഞ്ചുകൾ രൂപീകരിച്ചിട്ടുണ്ട്. ഭരണഘടനാപരമായ കേസുകളിന്മേലുള്ള വിധി മറ്റ് കേസുകളുടെ നിയമങ്ങളെയും ഫലങ്ങളെയും നിർണയിക്കുന്നതിനാൽ ഇവ അത്യധികം പ്രാധാന്യമർഹിക്കുന്നവയാണ്.
ഹൈക്കോടതികളെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ മോശമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിൽ 59,87,477 കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അവയിൽ ഏറ്റവും കൂടുതൽ കേസ് അലഹബാദ് ഹൈക്കോടതിയില്‍ (10,30,185) ആണ്, തൊട്ടുപിന്നിൽ രാജസ്ഥാൻ (6,40,267), ബോംബെ (6,20,586) എന്നിവയാണുള്ളത്. ഫെബ്രുവരി ഒന്നാം തീയതിയിലെ കണക്കനുസരിച്ച് ഏറ്റവും കുറവ് (171) കേസുകൾ തീർപ്പാക്കാതെ കിടക്കുന്നത് സിക്കിം ഹൈക്കോടതിയിലാണ്. 2022 ഡിസംബർ 31 വരെ 4.34 കോടിയിലധികം കേസുകൾ ജില്ല കോടതികളിലും കീഴ്‌ക്കോടതികളിലുമായി കെട്ടിക്കിടക്കുന്നുണ്ട്.