ന്യൂഡൽഹി: ഇന്ന് 75-ാം കരസേന ദിനം. കരസേന ദിന പരേഡ് ബെംഗളൂരുവിലെ എംഇജി ആൻഡ് സെന്‍റർ പരേഡ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് തലസ്ഥാന നഗരമായ ഡൽഹിക്ക് പുറത്ത് കരസേന ദിന പരേഡ് നടക്കുന്നത്.
ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധ നില കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ഗോവിന്ദസ്വാമി പരേഡ് ഗ്രൗണ്ടിൽ സൈനിക ദിനത്തിൽ പറഞ്ഞു. എൽഒസിയിൽ വെടിനിർത്തൽ തുടരുകയാണെന്നും ലംഘനങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തെ രാജ്യത്തിന്‍റെ കലാപ വിരുദ്ധ സംവിധാനം ഫലപ്രദമായി പരാജയപ്പെടുത്തുന്നുണ്ട്.
ഡ്രോണുകൾ ഉപയോഗിച്ച് ജമ്മു, പഞ്ചാബ് അതിർത്തി പ്രദേശങ്ങളിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനുള്ള ശ്രമങ്ങൾ തടയാൻ കൗണ്ടർ ഡ്രോൺ ജാമറുകൾ ഉപയോഗിക്കുന്നുണ്ട്. വികസനം, സേന പുനഃക്രമീകരണം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സൈന്യം നടപടികൾ സ്വീകരിച്ചു. ഭാവി യുദ്ധങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സൈന്യത്തിന് ജനങ്ങളുമായി ബന്ധപ്പെടാനുള്ള സുവർണാവസരം: അതേസമയം ജമ്മുകാശ്‌മീരിൽ സൈന്യത്തിന്‍റെ പ്രതിരോധത്താൽ ആക്രമണങ്ങൾ കുറഞ്ഞതായും സംസ്ഥാനത്ത് ശ്രദ്ധ നേടുന്നതിനായി നിരവധി പ്രോക്‌സി തീവ്രവാദ സംഘടനകൾ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടക്കുന്നതായും അത്തരം ശ്രമങ്ങളെയും പരാജയപ്പെടുത്താൻ സൈന്യവും മറ്റ് സുരക്ഷ സേനകളും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സൈനിക ദിന പരേഡും അതുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളും ദേശീയ തലസ്ഥാനമായ ഡൽഹിക്ക് പുറത്ത് നടത്തുന്നത് സൈന്യത്തിന് ജനങ്ങളുമായി ബന്ധപ്പെടാനുള്ള സുവർണാവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആശംസകൾ നേർന്ന് രാഷ്‌ട്രപതി: ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന പരേഡിന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. ദുരന്തസമയത്ത് രക്ഷകരായി പ്രവർത്തിക്കുന്നതിനൊപ്പം സൈനികർ എല്ലായ്‌പ്പോഴും കൂടുതൽ വീര്യത്തോടെ മുന്നോട്ടു നീങ്ങുകയാണ്. സൈനിക ദിനത്തിൽ ഇന്ത്യൻ സൈന്യത്തിലെ എല്ലാ ധീരരായ ജവാന്മാരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും ദ്രൗപതി മുർമു ട്വീറ്റ് ചെയ്‌തു.
രാജ്യം സുരക്ഷിതമെന്ന് പ്രധാനമന്ത്രി: സൈനിക ദിനത്തിൽ, എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും ഓരോ ഇന്ത്യക്കാരനും സൈന്യത്തിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളിലൂടെ അറിയിച്ചു. സൈനികരോട് രാജ്യം എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി. 1949ൽ ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫിനെ മാറ്റി ഫീൽഡ് മാർഷൽ കെ എം കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യ ഇന്ത്യൻ കമാൻഡർ ഇൻ ചീഫായി ചുമതലയേറ്റതിന്‍റെ ഓർമയ്‌ക്കായാണ് ജനുവരി 15 ന് സൈനിക ദിനം ആചരിക്കുന്നത്.