ഹൈദരാബാദ്: പ്രായം വെറും ഒരു അക്കം മാത്രമാണെന്ന് പല തവണ പല വിധത്തിലുള്ള സാഹചര്യങ്ങളില്‍ നാം കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു പ്രയോഗം അന്വര്‍ഥമാകുകയാണ് 78 വയസ് പ്രായമുള്ള പത്‌മിനി ജോഗ് സേവാസ്‌പിറാതി എന്ന വ്യക്തിയിലൂടെ. ആരും കടന്നുചെല്ലാന്‍ മടങ്ങിക്കുന്ന ഇടങ്ങളില്‍ പോലും ചെന്ന് സൗജന്യമായി യോഗ പരിശീലനം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഈ 78കാരി.
ഉയര്‍ന്ന അളവില്‍ മഞ്ഞ് വീഴുന്ന മലനിരകളുള്ള പ്രദേശം, ജമ്മു കശ്‌മീര്‍. കുറഞ്ഞ താപനിലയുള്ള പ്രദേശമായതിനാല്‍ തന്നെ ശ്വസിക്കുന്നത് വളരെയധികം പ്രയാസകരമാണ്. ഇത്തരത്തിലൊരു പ്രദേശത്താണ് സൈനികര്‍ക്കായി പത്‌മനി യോഗ പരിശീലനം നല്‍കുന്നത്.
പത്‌മിനിയുടെ ജീവിതം എന്ന യാത്ര: ബെംഗളൂരു സ്വദേശിയായ പത്‌മിനി പഠനം പൂര്‍ത്തിയാക്കിയത് ലണ്ടന്‍ സര്‍വകലാശാലയിലാണ്. ബിഎസ്‌സി ഹോം സയന്‍സ് പഠനത്തിന് ശേഷം കേണല്‍ പ്രതാപ് ജോഗിനെ പത്‌മിനി തന്‍റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തു. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.
ഒഴിവുസമയങ്ങള്‍ വെറുതെ ചിലവഴിക്കുന്നതില്‍ പത്‌മിനിക്ക് താല്‍പര്യമില്ല. അതിനാല്‍ തന്നെ വിവാഹം കഴിഞ്ഞ് അല്‍പ്പദിവസങ്ങള്‍ക്ക് ശേഷം നഴ്‌സറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസെടുത്ത് നല്‍കാന്‍ തുടങ്ങി. സൈനിക സേവത്തില്‍ നിന്നും ഭര്‍ത്താവ് പ്രതാപ് ജോഗ് വിരമിച്ചതിന് ശേഷം ഇരുവരും സ്വദേശമായ നാഗ്‌പൂരിലേയ്‌ക്ക് തിരിച്ചെത്തി.
യോഗ പരിശീലനത്തിന്‍റെ നാള്‍ വഴികള്‍:തുടര്‍ന്നുള്ള ഒഴിവുസമയങ്ങള്‍ നാഗ്‌പൂരിലെ ക്യാമ്പില്‍ യോഗ പഠനത്തിനായി ഇരുവരും ചെലവഴിച്ചു. യോഗ പഠനത്തില്‍ താല്‍പര്യം പ്രടിപ്പിച്ച ഇരുവരും വീട്ടില്‍ തന്നെ യോഗ പരിശീലിക്കാന്‍ ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, ഹരിദ്വാറിലെ രാംദേവ് ബാബയുടെ ശിക്ഷണത്തില്‍ യോഗ ആഭ്യസിച്ച് ഇരുവരും അധ്യാപകരായി.
തുടര്‍ന്നുള്ള യാത്രയില്‍ തന്‍റെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിരവധി പേര്‍ക്ക് യോഗ പരിശീലനവും നല്‍കി. 'അങ്ങനെയിരിക്കെ ഭോപ്പാലിലെ സെഹോറില്‍ ഒരു ക്യാമ്പ് തുടങ്ങുവാന്‍ ഒരു ചാരിറ്റി തങ്ങളോട് അഭ്യര്‍ഥിച്ചു. അവിടെ നിന്നുമാണ് ഞങ്ങളുടെ യഥാര്‍ഥ ജീവിതം ആരംഭിച്ചതെന്ന്' പത്‌മിനി പറഞ്ഞു.
അധ്യാപകരായ ദമ്പതികള്‍:'തുടക്കത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 600ലധികം പേര്‍ പങ്കെടുത്തിരുന്നു. അദ്ദേഹം പ്രാണായാമവും യോഗാസനങ്ങളും ചെയ്യുമ്പേള്‍ എങ്ങനെ ചെയ്യണമെന്നും അതിന്‍റെ ഗുണങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ക്ക് മൈക്കിലൂടെ ഞാന്‍ വിശദീകരിച്ച് നല്‍കും. രാജ്യത്തുടനീളം ഞങ്ങളൊന്നിച്ച് യാത്രകളും ചെയ്‌തിട്ടുണ്ട്'- പത്‌മിനി പറഞ്ഞു.