കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വ്യവസായിയുടെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ 17 കോടി രൂപ പിടിച്ചെടുത്തു. നിസാർ അഹമ്മദ് ഖാന്‍റെ ഗാർഡൻ റീച്ചിലെ വസതിയിൽ നിന്നാണ് അഞ്ച് ട്രങ്കുകളിലായി സൂക്ഷിച്ചിരുന്ന തുക കണ്ടെത്തിയത്. മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തോടനുബന്ധിച്ച് ശനിയാഴ്‌ച രാവിലെ ഇഡി ഉദ്യോഗസ്ഥർ കൊൽക്കത്തയിലെ ആറ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ ഈ സ്ഥലങ്ങളിൽ നിന്ന് ഉദ്യേഗസ്ഥർ പണം കണ്ടെത്തി തുടങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ 17 കോടി രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തട്ടിപ്പിനായി ഡമ്മി അക്കൗണ്ടുകൾ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതായി ഇഡി അറിയിച്ചു.
പണം സമ്പാദിക്കാൻ കഴിയുമെന്ന വാഗ്‌ദാനം നല്‍കി ഇ-നഗറ്റ്‌സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ അമീര്‍ ഖാൻ എന്നയാളുടെ പേരില്‍ പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ കമ്മീഷൻ എന്ന പേരിൽ ഒരു തുക ഉപഭോക്താക്കൾക്ക് ലഭിക്കും. പിന്നീട് കൂടുതൽ ശതമാനം കമ്മീഷന്‍ ലഭിക്കാനായി ഉപഭോക്താക്കൾ വലിയ തുക ഇതിലേക്കായി നിക്ഷേപിക്കും. ഇത്തരത്തില്‍ നല്ലൊരു തുക സമാഹരിച്ച ശേഷം ആപ്ലിക്കേഷനിൽ നിന്നുള്ള കമ്മീഷൻ നൽകുന്നത് ഏജൻസി പെട്ടെന്ന് നിർത്തലാക്കി.
അതിനുശേഷം, പ്രൊഫൈൽ വിവരങ്ങൾ ഉൾപ്പടെയുള്ള എല്ലാ ഡാറ്റയും ആപ്പ് സെർവറുകളിൽ നിന്ന് മായ്‌ച്ചുകളയുകയായിരുന്നു. വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താക്കൾ അപ്പോഴാണ് തിരിച്ചറിഞ്ഞത്. വിഷയത്തിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഫെഡറൽ ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 15ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമീര്‍ ഖാന്‍ എന്നയാള്‍ക്കെതിരെയടക്കം കേസെടുത്തത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് റെയ്‌ഡുകൾ നടത്തിയത്.