സംഭൽ (ഉത്തർപ്രദേശ്): ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ 18 മണിക്കൂറിലേറെ പൂട്ടിയിട്ടു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയില്‍ ഗുന്നൗർ തഹസിലിലെ ധനാരി പട്ടിയിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബർ 20) സംഭവം. അടുത്ത ദിവസം രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ഒന്നാം ക്ലാസുകാരിയെ സ്കൂളില്‍ പൂട്ടിയിട്ടത് 18 മണിക്കൂര്‍: നടപടിയെന്ന് അധികൃതര്‍ - വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കുടുങ്ങി
ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും മുഴുവന്‍ വിദ്യാര്‍ഥികളും വീട്ടിലേക്ക് മടങ്ങിയെന്ന് ജീവനക്കാര്‍ പറഞ്ഞു
കുട്ടി ക്ലാസ് മുറിയിലുള്ള കാര്യം പരിശോധിക്കാതെ ജീവനക്കാര്‍ സ്‌കൂള്‍ പൂട്ടി പോകുകയായിരുന്നു. സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മുത്തശ്ശി ഏഴ് വയസുകാരിയെ അന്വേഷിച്ച് സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ വിദ്യാര്‍ഥികളും വീട്ടിലേക്ക് മടങ്ങിയെന്ന് സ്‌കൂള്‍ ജീവനക്കാര്‍ പറഞ്ഞു.
കുട്ടിക്കായി കുടുംബം വനമേഖലയില്‍ അടക്കം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്‌ച രാവിലെ പതിവുപോലെ ജീവനക്കാരെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് വിദ്യാര്‍ഥി ക്ലാസിനകത്തുണ്ടായിരുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ മനസിലാക്കിയത്. സ്‌കൂള്‍ ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബിഇഒ) പോപ്പ് സിങ് പറഞ്ഞു.