ഭോപ്പാല്‍:മധ്യപ്രദേശിലെ വിദിഷയിലെ 60 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ ഏഴ് വയസുകാരനായി തെരച്ചില്‍ ഊര്‍ജിതം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ലോകേഷ് അഹിർവാർ എന്ന കുട്ടിയ്‌ക്കാണ് അപകടം സംഭവിച്ചത്. സംഭവ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എൻഡിആർഎഫ് സംഘം രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കൂലിപ്പണിക്കാരനായ ദിനേശാണ് കുട്ടിയുടെ പിതാവ്.
ALSO READ|മഹാരാഷ്‌ട്രയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
ആനന്ദ്പൂർ ഖേർഖേഡിയില്‍ സുഹൃത്തുക്കളോടൊപ്പം ഒരു ഫാമിൽ കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് അപകടം സംഭവിച്ചത്. പ്രദേശത്ത് കുരങ്ങുകള്‍ എത്തിയതോടെ കുട്ടികള്‍ക്കൊപ്പം ഇവയ്‌ക്ക് പിന്നാലെ ഓടുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ പെട്ടത്. മല്ലി കൃഷി ചെയ്‌ത പാടത്തുകൂടെ ഓടുന്നതിനിടെ ലോകേഷിന്‍റെ കാൽ വഴുതി തുറന്നുകിടന്നിരുന്ന രണ്ട് അടി വീതിയും 60 അടി താഴ്‌ചയുമുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.
കാമറ വഴി കുട്ടിയെ നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍:ലോകേഷ് കുഴൽക്കിണറിൽ വീഴുന്നത് കണ്ട കുട്ടികള്‍ ആളുകളെ അറിയിച്ചതോടെയാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. സംഭവത്തിന് ശേഷം പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയത് രക്ഷപ്രവര്‍ത്തനത്തെ നേരിയ തോതില്‍ ബാധിച്ചു. അഞ്ച് ജെസിബിയാണ് കുഴല്‍ക്കിണറിന്‍റെ സമീപത്തായി കുഴിയെടുക്കുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ കലക്‌ടര്‍ ഉമാശങ്കർ ഭാർഗവ സ്ഥലത്തെത്തി.
പൈപ്പിലൂടെ കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. ഡോക്‌ടർമാരുടെ സംഘവും സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്. കുഴൽക്കിണറില്‍ കാമറ വഴി കുട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയാണ് ഉദ്യോഗസ്ഥര്‍. കുഴൽക്കിണറിൽ നിന്ന് നിലവില്‍ വെള്ളം വരാത്തതിനാല്‍ ഫാമിന്‍റെ ഉടമ അശ്രദ്ധയോടെ തുറന്നിട്ടതാണ് അപകട കാരണം.
കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം:അതേസമയം, മഹാരാഷ്‌ട്രയില്‍ 15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ സാഗര്‍ ബറേല എന്ന അഞ്ചുവയസുകാരന് ദാരുണാന്ത്യം. രക്ഷിക്കാന്‍ എട്ടുമണിക്കൂര്‍ നീണ്ട ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അഹമ്മദ് നഗര്‍ ജില്ലയിലെ കാര്‍ജത്ത് കോപാര്‍ഡിയില്‍ മാര്‍ച്ച് 13നാണ് സംഭവം.
രാജ്യത്ത് കുഴല്‍ക്കിണര്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത്തരത്തില്‍ ആവര്‍ത്തിച്ച് സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണം ആളുകളുടെ അശ്രദ്ധയാണ്. കുഴല്‍ക്കിണറുകള്‍ മൂടിവയ്‌ക്കാത്തതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട് ചെയ്‌ത സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
അപകടം ഒഴിവാക്കാന്‍ സുപീം കോടതി നിര്‍ദേശം:ആവര്‍ത്തിച്ച് കുഴല്‍ക്കിണറില്‍ അകപ്പെടുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ 10 വര്‍ഷം മുന്‍പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2010 ഫെബ്രുവരി 11നാണ് ഈ മാർഗനിർദേശം പുറപ്പെടുവിച്ചത്. നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കണം, കിണർ അസംബ്ലിക്ക് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഘടിപ്പിക്കണം, കുഴൽക്കിണറുകൾ അടിയിൽ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറയ്ക്കണം ഇവയാണ് ഈ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
രാജ്യത്ത് നടന്ന ഇത്തരം അപകടങ്ങളുടെ ഭീകരത വിവരിക്കുന്ന ഒരു കത്ത് സുപ്രീം കോടതിയ്‌ക്ക് 2009ല്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2009ല്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് സ്വമേധയ കേസെടുത്ത് കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.