രാജ്കോട്ട്(ഗുജറാത്ത്): വിവാഹ ആഘോഷത്തില്‍ മദ്യപിച്ച് നൃത്തം ചെയ്‌തതിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏഴ് പേര്‍ അറസ്‌റ്റില്‍. തെളിവെടുപ്പിന്‍റെ ഭാഗമായി അറസ്‌റ്റിലായവരെ വിവാഹ ആഘോഷം നടന്ന സ്ഥലത്ത് എത്തിക്കുകയും കുറ്റരംഗം പുനഃസൃഷ്‌ടിക്കാനായി വീണ്ടും പൊലീസ് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്‌തു. ഹരിൻ അരവിന്ദ്ഭായ് പർമർ, പ്രതീക് അരവിന്ദ്ഭായ് പർമർ, ധവാൽ മഗന്‍ഭായ് മാരു, പാട്ടിയോ, മയൂർ ഭർവാദ്, ധർമേഷ് അസുദോ, അജയ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കുറ്റാരോപിതനായ ഒരാള്‍ ഒളിവിലാണ്. ഗുജറാത്ത് മദ്യനിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റ് നടന്നത്. മദ്യത്തിന്‍റെ വില്‍പ്പനയ്‌ക്കും ഉപഭോഗത്തിനും നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അറസ്റ്റിലായവര്‍ വിവാഹ ആഘോഷം നടന്ന സ്ഥലത്ത് മദ്യം വിതരണം ചെയ്യുന്നതിന്‍റെയും മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്‍റേയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പൊലീസ് ഏഴ് പ്രതികളേയും അറസ്‌റ്റ് ചെയ്‌തത്.