ന്യൂഡൽഹി: നിലവിൽ ഏഴ് കൊവിഡ്-19 വാക്‌സിനുകൾ കൂടി ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഡൽഹി ഹാർട്ട് ആന്‍റ് ലങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണഘട്ടത്തിലുള്ള വാക്‌സിനുകളിൽ ചിലത് പരീക്ഷണത്തിന്‍റെ പുരോഗതിയിലാണെന്നും ചിലത് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ രാജ്യത്തെ 430 ജില്ലകളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിലവിൽ സ്ഥിതി നിയന്ത്രിതമാണെങ്കിലും വൈറസിന്‍റെ ഘടനാമാറ്റം നിരീക്ഷിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഏഴ് കൊവിഡ് വാക്‌സിനുകൾ കൂടി ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ: ഹർഷ് വർധൻ - കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
വാക്‌സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം അറിയിച്ചു
അദ്ദേഹത്തിന്‍റെ ഭാര്യ നൂതൻ ഗോയലും വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. മാർച്ച് രണ്ടിന് അദ്ദേഹം വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ആദ്യ ഡോസ് സ്വീകരിച്ച ശേഷം ഇരുവർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടില്ലെന്നും ഹർഷ് വർധൻ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കുന്നതിൽ ഇപ്പോഴും ജനങ്ങളിൽ സംശയം നിലനിൽക്കുന്നുണ്ട്. വാക്‌സിൻ സ്വീകരിച്ച ശേഷവും വൈറസ് ബാധയേറ്റ അപൂർവം കേസുകളേ ഉണ്ടായിട്ടുള്ളൂ. അവ ഗുരുതരമാകുന്ന സാഹചര്യവും നിലവിലില്ല. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെ വിശ്വസിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 56, 211 പുതിയ കോവിഡ് -19 കേസുകളും 271 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ മാർച്ച് 30 വരെ 6,11,13,354 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇന്ത്യയിൽ ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവിൽ ആദ്യഘട്ടത്തിൽ ആരോഗ്യ സംരക്ഷണ മേഖലയിലെയും മറ്റ് മുൻനിര പ്രവർത്തകർക്കുമാണ് മുൻഗണന നൽകിയത്. മാർച്ച് ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിനേഷനിൽ 60 വയസിന് മുകളിലുള്ളവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റു രോഗാവസ്ഥയിലുള്ളവർക്കും പരിഗണന നൽകി. കൂടാതെ ഏപ്രിൽ ഒന്നു മുതൽ 5 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.