ബെംഗളൂരു: കൊവിഡ് മഹാമാരിയില്‍ പ്രാണരക്ഷാര്‍ഥം ലോക ജനത വീടുകളിലാണ് അഭയം പ്രാപിച്ചത്. എന്നാല്‍ എല്ലായിടത്തുമെന്ന പോലെ ഒരു വിഭാഗം തെരുവില്‍ തന്നെയുണ്ടായിരുന്നു. ഭിക്ഷയാചിക്കുന്നവര്‍, കൂലിപ്പണിക്കാര്‍, മനോനില തെറ്റിയവര്‍, വീടില്ലാത്തവര്‍, അനാഥര്‍ തുടങ്ങി ഒരു പറ്റം പട്ടിണി പാവങ്ങള്‍. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ കുന്ദാനഗരിയിലും മറിച്ചായിരുന്നില്ല സ്ഥിതി.
ജീവനും ജീവിതവും സേവ ഫൗണ്ടേഷൻ
തുണയായി സേവ ഫൗണ്ടേഷൻ വെൽഫെയർ ട്രസ്റ്റിലെ യുവാക്കള്‍ എത്തിയതോടെയാണ് പട്ടിണിയാല്‍ മരിക്കാതെ ഇവര്‍ക്ക് ജീവനും ജീവിതവും തിരികെകിട്ടിയത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നഗരത്തിലെ ഹോട്ടലുകളും മറ്റ് കടകളും അടച്ചതോടെയാണ് ഈ മനുഷ്യര്‍ കടുത്ത ദുരിതത്തിലായത്. അന്നത്തിന് പുറമെ വസ്ത്രവും വൈദ്യസഹായവും തലചായ്ക്കാന്‍ ഇടവും നല്‍കി ട്രസ്റ്റ് അംഗങ്ങള്‍ തെരുവിന്‍റെ മക്കളെ ചേര്‍ത്തുപിടിച്ചു.
സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ദിവസവേതനത്തെ ആശ്രയിച്ചിരുന്ന, തെരുവില്‍ കഴിഞ്ഞിരുന്ന പലര്‍ക്കും തൊഴിലില്ലാതെയായി. മറ്റൊരാശ്രയവുമില്ലാതെ നിസ്സഹായരായ ഒരുകൂട്ടം മനുഷ്യരെ കണ്ടപ്പോഴാണ് ഇത്തരത്തില്‍ ഇടപെടാന്‍ സേവ ഫൗണ്ടേഷന് പ്രചോദനമായത്. ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ, മരുന്നുകളും നൽകിയാണ് സംഘടന സഹായഹസ്തമേകിയത്. ഈ പ്രവര്‍ത്തനത്തില്‍ പ്രദേശവാസികള്‍ കൂടി അണിചേര്‍ന്നതോടെ സഹായം വിപുലപ്പെടുത്തി.