അമരാവതി :മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആന്ധ്രപ്രദേശിലെ വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡി സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തലസ്ഥാന പ്രദേശ വികസന അതോറിറ്റി നിയമം(CRDA Act ) പാലിച്ച് അമരാവതിയെ ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമെന്ന നിലയില്‍ ആറ് മാസം കൊണ്ട് വികസിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അമരാവതിയില്‍ തലസ്ഥാന വികസനത്തിനായി കൃഷി ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്.
വികസനം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിലുള്ള മൂന്ന് നഗരങ്ങളില്‍ തലസ്ഥാനങ്ങള്‍ രൂപീകരിക്കാനായിരുന്ന ജഗമോഹന്‍ സര്‍ക്കാറിന്‍റെ തീരുമാനം. ഭരണപരമായ തലസ്ഥാനം വിശാഖപട്ടണത്തും, ജുഡീഷ്യല്‍ തലസ്ഥാനം കര്‍ണൂലിലും, ലെജിസ്ലേറ്റീവ് തലസ്ഥാനം അമരാവതിയിലും സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനുവേണ്ടി സിആര്‍ഡിഎ നിയമം റദ്ദ് ചെയ്‌തുകൊണ്ടും, മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുമായി നിയമസഭയില്‍ ബില്ലുകള്‍ കൊണ്ടുവരികയായിരുന്നു.