ചെന്നൈ : എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡിഎംകെ നേതാവും മന്ത്രിയുമായ വി.സെന്തില്‍ ബാലാജി, ഹൃദയസംബന്ധമായ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതായി അറിയിച്ച് ആശുപത്രി വൃത്തങ്ങള്‍. സെന്തില്‍ ബാലാജി കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ് (CABG) ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം ചികിത്സയിലുള്ള കാവേരി ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയത്. അതേസമയം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള സ്‌റ്റേ ആവശ്യം സുപ്രീം കോടതി തള്ളി.
ശസ്‌ത്രക്രിയ കഴിഞ്ഞു, ആരോഗ്യം തൃപ്‌തികരം :ബുധനാഴ്‌ച രാവിലെ മന്ത്രിയെ ബീറ്റിങ് ഹാർട്ട് കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. കൂടാതെ കൊറോണറി വാസ്കുലറൈസേഷൻ ലഭ്യമാക്കിയിട്ടുമുണ്ട്. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണ വിഭാഗത്തിൽ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും മൾട്ടി ഡിസിപ്ലിനറി സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നതായും കാവേരി ഗ്രൂപ്പ് ഓഫ് ഹോസ്‌പിറ്റൽസ് സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ ഡോ.അരവിന്ദൻ സെൽവരാജ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല :മുമ്പ് ഗതാഗത മന്ത്രിയായിരിക്കെ ജോലി തട്ടിപ്പ് നടത്തിയെന്ന കേസില്‍ സെന്തില്‍ ബാലാജിയെ അറസ്‌റ്റ് ചെയ്‌ത ഇഡിയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറാന്‍ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതുപരിഗണിച്ച സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഹർജി ഇപ്പോഴും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും അതിനാല്‍ ആ കോടതിയെ സമീപിക്കാനും ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ സുപ്രീം കോടതി അവധിക്കാല ബഞ്ചാണ് ഇക്കാര്യം ഇഡിയെ അറിയിച്ചത്. അതേസമയം ബൈപ്പാസ് സര്‍ജറിയ്‌ക്ക് വിധേയനാവുന്നതിനായി സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറാന്‍ കഴിഞ്ഞയാഴ്‌ചയാണ് സെന്തില്‍ ബാലാജിക്ക് ഹൈക്കോടതി അനുമതി നല്‍കുന്നത്.