ചെന്നൈ : എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റുചെയ്‌ത തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഗവര്‍ണര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ഉത്തരവ് രാജ്‌ഭവന്‍ പുറത്തിറക്കി. നിലവില്‍ മന്ത്രി വി സെന്തിൽ ബാലാജി ജയിലിലാണുള്ളത്.
'ജോലിക്കായി പണം കൈപ്പറ്റി, കള്ളപ്പണം വെളുപ്പിച്ചു എന്നിവ ഉൾപ്പടെ നിരവധി അഴിമതിക്കേസുകളിലാണ് മന്ത്രി വി സെന്തിൽ ബാലാജി ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ദ്രുതഗതിയില്‍ പ്രാബല്യത്തിൽ വരുന്ന പുറത്താക്കല്‍ നടപടി സ്വീകരിച്ചത്' - തമിഴ്‌നാട് രാജ്ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
'മന്ത്രിയായി തുടരുന്നത് പ്രതികൂലമായി ബാധിക്കും':സെന്തില്‍ ബാലാജി,മന്ത്രിപദവി ദുരുപയോഗം ചെയ്‌ത് അന്വേഷണത്തെ സ്വാധീനിക്കുകയും നിയമത്തിന്‍റേയും നീതിയുടേയും നടപടിക്രമങ്ങൾ തടസപ്പെടുത്തുകയും ചെയ്‌തെന്നും രാജ്‌ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 'നിലവിൽ ഇഡി അന്വേഷിക്കുന്ന ക്രിമിനൽ കേസിൽ, മന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവും ഇദ്ദേഹത്തിനെതിരായുള്ള ചില ക്രിമിനൽ കേസുകൾ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുമുണ്ട്.
തിരു. വി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് ന്യായമായ അന്വേഷണം ഉൾപ്പടെയുള്ള നിയമനടപടികളെ പ്രതികൂലമായി ബാധിക്കും. ഇത് ആത്യന്തികമായി സംസ്ഥാനത്തെ ഭരണഘടനാസംവിധാനത്തിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്നത് സംബന്ധിച്ച് ന്യായമായ ആശങ്കകളുണ്ട്. ഈ സാഹചര്യത്തിൽ, ബഹുമാനപ്പെട്ട ഗവർണർ തിരു. വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി' - രാജ്‌ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.