മുംബൈ:റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണിയും ഇടിയുകയാണ്. ഇന്ന് (4.03.2022) വ്യാപാരം ആരംഭിച്ചപ്പോള്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരിസൂചികകളായ സെന്‍സെക്സ് 851 പോയിന്‍റ് ഇടിഞ്ഞ് 54,250.69ലും നിഫ്റ്റി 185.60 പോയിന്‍റ് ഇടിഞ്ഞ് 16,312.45 പോയിന്‍റിലുമെത്തി. ഏഷ്യന്‍ പെയിന്‍റ്സ്, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
ഇന്നലത്തെ വ്യാപരത്തില്‍ സെന്‍സെക്സ് 366.22 പോയിന്‍റുകള്‍ (0.66 ശതമാനം) ഇടിഞ്ഞ് 55,102.68 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്നലെ 107.9 പോയിന്‍റുകള്‍ (0.65) ഇടിഞ്ഞ് 16,498.05 പോയിന്‍റില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ ധനകാര്യ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കുന്ന അവസ്ഥയാണ് ഉള്ളത്. 6,644.65 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഇന്നലെ വിറ്റഴിച്ചത് (4.03.2022).
ഹോങ്കോങ്, ഷാങ്‌ഹായി, ടോക്കിയ ഓഹരി വിപണികളും ഇടിഞ്ഞു. യുഎസിലെ ഓഹരിവിപണികള്‍ ഓവര്‍നൈറ്റ് വ്യാപരത്തില്‍ ( ഓഹരിവിപണിയില്‍ സാധാരണ വ്യാപരം നടക്കുന്ന സമയം കഴിഞ്ഞ് നടക്കുന്ന വ്യാപാരം) നെഗറ്റീവ് സോണിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുഎസ് ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടരുകയാണ്.