നാസിക് : പ്രധാനമന്ത്രി മാസ്‌ക് ധരിക്കാത്തത് കൊണ്ടാണ് താനും വയ്‌ക്കാത്തതെന്ന് ശിവസേനയുടെ രാജ്യസഭ എംപി സഞ്ജയ് റാവത്ത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള മറുപടി.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന പൊതുപരിപാടിയിലാണ് മാസ്‌ക് ധരിക്കാതെ സഞ്ജയ് റാവത്ത് സംബന്ധിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് ജാഗ്രത ശക്തമാകുമ്പോഴാണ് എംപിയില്‍ നിന്ന് ഇത്തരത്തില്‍ പെരുമാറ്റമുണ്ടായത്.
ALSO READ:രാജ്യത്ത് 309 പേർക്ക് കൂടി ഒമിക്രോൺ; രോഗബാധിതരുടെ എണ്ണം 1,270 ആയി
'ജനങ്ങളോട് മാസ്‌ക് ധരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. എന്നാല്‍ അദ്ദേഹം മാസ്‌ക് ഇടാറില്ല. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖാവരണം വയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെയാണ് ഞാന്‍ പിന്തുടരുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇടാത്തത്'. സഞ്ജയ് റാവത്ത് പറഞ്ഞു.
ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കിലും പകല്‍ സമയങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കും. പൊതു ഇടങ്ങളില്‍ എല്ലാവരും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.