ചെന്നൈ : തക്കാളി വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാടിന് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വിതരണം ആരംഭിച്ചു. 82 റേഷന്‍ കടകളിലാണ് വിതരണം ആരംഭിച്ചത്. കിലോയ്‌ക്ക് 60 രൂപ നിരക്കിലാണ് തക്കാളി നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ ചെന്നൈയിലാണ് വിതരണം ആരംഭിച്ചിട്ടുള്ളത്. തലസ്ഥാനത്തെ മൂന്നായി തിരിച്ചാണ് നടപടി. സെൻട്രൽ ചെന്നൈയിൽ 32 റേഷന്‍ കടകളിലും വടക്കൻ ചെന്നൈയിൽ 25 റേഷന്‍ കടകളിലും ദക്ഷിണ ചെന്നൈയിൽ 25 റേഷന്‍ കടകളിലുമാണ് സബ്‌സിഡി നിരക്കില്‍ തക്കാളി വിതരണം തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
പരിഹാരം കണ്ടെങ്കിലും ആശങ്കയില്‍ ജനങ്ങള്‍ :റേഷന്‍ കടകളില്‍ വില്‍പ്പനക്കെത്തിച്ച തക്കാളി ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറ്റ് തീര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കി. 50 കിലോ മുതല്‍ 100 കിലോ തക്കാളി വരെയാണ് ഓരോ റേഷന്‍കടകളിലും വിതരണത്തിന് എത്തിച്ചത്. തക്കാളി വാങ്ങാന്‍ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്‍റെ ആവശ്യമില്ല. ഒരാള്‍ക്ക് ഒരു കിലോ തക്കാളി എന്ന നിരക്കിലാണ് വില്‍പ്പന നടത്തിയത്. വില വര്‍ധനയില്‍ പ്രയാസപ്പെടുന്ന സമയത്ത് റേഷന്‍ കടകളിലെ വില്‍പ്പന ഏറെ ആശ്വാസകരമാണെന്നും എന്നാല്‍ തക്കാളി വില്‍ക്കുന്ന റേഷന്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.
റേഷന്‍ കടകളിലൂടെയും വിവിധ കോഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെയും തക്കാളി വിതരണം നടത്തുമെന്ന് സഹകരണ മന്ത്രി പെരിയകറുപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റേഷന്‍ കടകള്‍ക്ക് പുറമെ ഫാം ഗ്രീന്‍ സെന്‍ററുകള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) അടക്കം 111 കേന്ദ്രങ്ങളില്‍ തക്കാളി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. മാത്രമല്ല സംസ്ഥാനത്ത് തക്കാളി വില ഉയരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.