റായ്‌പൂര്‍ (ഛത്തീസ്‌ഗഡ്) : പൊതുവേദിയില്‍ അത്ഭുതസിദ്ധികള്‍ പരസ്യപ്പെടുത്താന്‍ വെല്ലുവിളിച്ച സംഘടനയ്‌ക്കെതിരെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്ത്രി. വെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്നവരെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനമാണ് പ്രതികരണമായി നടത്തിയത്. നാഗ്‌പൂരില്‍ നടന്ന ചടങ്ങില്‍ അത്‌ഭുതസിദ്ധികള്‍ പരസ്യപ്പെടുത്താന്‍ മഹാരാഷ്‌ട്ര കേന്ദ്രീകരിച്ചുള്ള സംഘടന ആവശ്യപ്പെട്ടതാണ് ബഗേശ്വര്‍ ധാം സര്‍കാര്‍ അഥവാ ധിരേന്ദ്ര ശാസ്‌ത്രിയെ ചൊടിപ്പിച്ചത്. ഇത്തരക്കാര്‍ തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തന്‍റെ ആളുകള്‍ ഇതിന് തക്ക മറുപടി നല്‍കുമെന്നും ധിരേന്ദ്ര ശാസ്‌ത്രി പ്രതികരിച്ചു.
എല്ലാം 'ദൈവത്തിന്' : ഇത്തരക്കാര്‍ നേരിട്ട് വരണം. ഞങ്ങള്‍ക്ക് അടഞ്ഞ മുറികളില്ല, അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് നേരിട്ടെത്തി കാണാം. ആര്‍ക്കുവേണമെങ്കിലും തന്‍റെ വാക്കുകളെയും പ്രവര്‍ത്തികളെയും ക്യാമറയ്‌ക്ക് മുന്നില്‍ വെല്ലുവിളിക്കാമെന്നും ലക്ഷങ്ങളാണ് ബഗേശ്വര്‍ ബാലാജിയുടെ സന്നിധിയില്‍ എത്താറുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ പ്രചോദിപ്പിക്കുന്നതെന്തും താന്‍ എഴുതുമെന്നും അത് സത്യമാകുമെന്നും ധിരേന്ദ്ര ശാസ്‌ത്രി പറഞ്ഞു. തന്‍റെ വിധി തന്‍റെ ദൈവത്തിന്‍റെ കയ്യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സനാതന ധര്‍മത്തെക്കുറിച്ച് 'മിണ്ടിപ്പോകരുത്':അതേസമയം ഭക്തരുടെ പക്കല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കിയുള്ള ചീട്ട് നല്‍കാറുള്ളതിലും ധിരേന്ദ്ര ശാസ്‌ത്രി പ്രതികരിക്കാന്‍ മറന്നില്ല. ഈ കഴിവുകളെല്ലാം ദൈവത്തിന്‍റെ അനുഗ്രഹവും ഗുരുക്കന്മാരുടെ സനാതന ധര്‍മ മന്ത്രങ്ങളുടെ ശക്തിയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതെല്ലാം സത്യ സനാതന ധര്‍മത്തിനുള്ള വിളംബരമാണ്. ആര്‍ക്കുവേണമെങ്കിലും ഇത് അനുഭവിച്ചറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെങ്കിലും സനാതന ധര്‍മത്തിനെതിരെ സംസാരിച്ചാല്‍ അവരെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ഭീഷണി മുഴക്കി.