ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നിന്നും അറസ്‌റ്റിലായ പാകിസ്ഥാനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ അഞ്ച് പേരുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. പാകിസ്ഥാനില്‍ നിന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ചില ഏജന്‍റുമാര്‍ അതിര്‍ത്തി കടന്ന് എത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ, ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ പബ്‌ജി വഴി പ്രണയത്തിലായ ശേഷം കാമുകനെ തേടി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ സ്വദേശി സീമ ഹൈദരിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.
വനിത ഏജന്‍റമാരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടോടെ ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ ഭീകരവാദ വിരുദ്ധ സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തി. ഒരു മാസത്തിലേറയായി അന്വേഷണം നടത്തിയിട്ടും അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലും സീമ ഹൈദരിന് ഏജന്‍സി ക്ലീന്‍ ചീറ്റ് നല്‍കാത്തത് ഇക്കാരണത്താലാണ്. ഒരു വനിത ഐഎസ്‌ഐ ഏജന്‍റിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന് ശേഷമേ സീമ ഹൈദരിന്‍റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭീകരവാദ വിരുദ്ധ സേന അറിയിച്ചു.
ചോദ്യം ചെയ്യലില്‍ സംശയമില്ല:ഗൗതം ബുദ്ധ നഗര്‍ സ്വദേശിയായ സച്ചിന്‍ മീണയെ കാണാനായി പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നുവെന്ന് സീമ മൊഴി നല്‍കി. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് മാത്രമെ കുറ്റബോധമുള്ളുവെന്നും പിന്നില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്നും വ്യക്തമായതായി ഉത്തര്‍പ്രദേശ് പൊലീസ് ജൂലൈ 19ന് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ശേഷം സീമയെയും സച്ചിനെയും അവരുടെ വീട്ടിലേക്ക് അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.