ന്യൂഡൽഹി:ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), തെളിവുനിയമം എന്നിവയില്‍ പാടെ മാറ്റം വരുത്താനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചതോടെ വലിയ ചര്‍ച്ചകളാണ് രാജ്യത്ത് ഉയര്‍ന്നത്. ഇന്ത്യൻ ശിക്ഷാനിയമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) എന്ന പേരിലേക്ക് പുനര്‍നാമകരണം ചെയ്‌ത് ഭേദഗതി വരുത്താനാണ് കേന്ദ്ര നീക്കം. ഈ ഭേദഗതിയില്‍, രാജ്യദ്രോഹ കുറ്റം റദ്ദാക്കിയതായി അമിത് ഷാ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യദ്രോഹ കുറ്റം റദ്ദാക്കിയെങ്കിലും ഭേദഗതികളോടെ ശിക്ഷ നിലനിറുത്തുമെന്ന സൂചന ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സായുധ കലാപം, തീവ്രവാദ പ്രവർത്തനം എന്നിവയ്‌ക്കെതിരായ കേസുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കി പഴയ രാജ്യദ്രോഹ നിയമം കൂടുതൽ കാര്യക്ഷമമാക്കുന്നതാണ് പുതിയ ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കെതിരായ നടപടി എന്ന നിലയ്‌ക്കാണ് രാജ്യദ്രോഹ കുറ്റത്തിന് ബിഎൻഎസില്‍ നല്‍കിയ പുതിയ നിര്‍വചനം.
നിര്‍വചനങ്ങളില്‍ മാറ്റവുമായി പുതിയ ബില്‍:ഇന്ത്യയിൽ നിയമപ്രകാരമുള്ള സർക്കാരിനോടുള്ള അതൃപ്‌തി എന്ന വാചകവും നേരത്തേ ഐപിസിയുടെ പഴയ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പുതിയ ബില്ലില്‍, സെക്ഷൻ 150 എന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിസിയിലെ രാജ്യദ്രോഹ നിയമം, പഴയ സെക്ഷൻ 124 എയുമായി താരതമ്യപ്പെടുത്തുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്. പുതിയ ബില്ലില്‍, രാജ്യത്തിന്‍റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കെതിരായ കുറ്റം വിശദമായി തന്നെ നിർവചിക്കുന്നുണ്ട്.
അമിത് ഷാ മുന്നോട്ടുവച്ച ബിഎന്‍എസിലെ സെക്ഷൻ 150ല്‍ സായുധ കലാപം, തീവ്രവാദ പ്രവർത്തനം എന്നിങ്ങനെയുള്ള ഏതും കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കുന്നു. ക്രമസമാധാനം തടസപ്പെടുത്തുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ഇതിന്‍റെ പരിധിയില്‍ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റം സംബന്ധിച്ച് സർക്കാരിന് വ്യാഖ്യാനിക്കാനും കേസുകള്‍ ചാര്‍ജ് ചെയ്യാനുമുള്ള സാഹചര്യവും ഒരുക്കുന്നതാണ് ഈ വകുപ്പ്.
'ആരെങ്കിലും, മനപൂർവം വാക്കുകളിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ സാമ്പത്തിക മാർഗങ്ങളിലൂടെയോ ഉള്ള സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയോ അതിന് സഹായം നല്‍കുകയോ ചെയ്‌താല്‍ ഈ വകുപ്പില്‍ കേസെടുക്കും. തീവ്രവാദ പ്രവർത്തനങ്ങള്‍, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതിനെതിരായ ആഹ്വാനം, പ്രവൃത്തി എന്നിയാണ് ഈ പരിധിയില്‍ പെടുന്നത്.
അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയോ ആഹ്വാനം ചെയ്യുകയോ ഉണ്ടായാല്‍ ജീവപര്യന്തം തടവോ ഏഴ് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ ശിക്ഷയോ ചുമത്തും. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്‌ക്ക് അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ വ്യാഖ്യാനിക്കുന്നതിന് അന്വേഷണ ഏജൻസികള്‍ക്ക് വിവേചനാധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
ഐപിസിയുടെ (രാജ്യദ്രോഹ കുറ്റം) 124 എ വകുപ്പ് ഇങ്ങനെയാണ്: 'വാക്കിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ മറ്റോ ഉള്ള വിദ്വേഷമോ അവഹേളനമോ ആയ കാര്യങ്ങളില്‍, ഇന്ത്യന്‍ സര്‍ക്കാരിന് ജീവപര്യന്തം തടവ് ശിക്ഷ നൽകാം. അതോടൊപ്പം, പിഴയും അല്ലെങ്കിൽ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവും പിഴയും ചുമത്താം.' പുതിയ ബില്ലില്‍ വിദ്വേഷമോ അവഹേളനമോ ആയ വിഷയങ്ങള്‍ നീക്കം ചെയ്‌തിട്ടുണ്ട്. തീവ്രവാദം, സായുധ കലാപം എന്നിവയ്‌ക്കെതിരായ നടപടിക്കാണ് പ്രാധാന്യം നല്‍കുന്നത്. കൂടാതെ, ഇന്ത്യയുടെ പരമാധികാരത്തേയും ഐക്യത്തേയും അഖണ്ഡതയേയും അപകടപ്പെടുത്തുന്ന പ്രവൃത്തി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയോ മറ്റ് സാമ്പത്തിക മാർഗങ്ങളുടെയോ നടത്തുന്നതിനെതിരെയും എന്ന് രാജ്യദ്രോഹ കുറ്റത്തിനെതിരായ പുതിയ സെക്ഷൻ 150ല്‍ നിര്‍വചിക്കുന്നു.