ന്യൂഡല്‍ഹി :രാജ്യ തലസ്ഥാനത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ച് സേനകള്‍. സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ മുന്‍കരുതലുകളാണ് സേനകള്‍ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ദേശവിരുദ്ധ, തീവ്രവാദ ഇടപെടലുകള്‍ തടയുകയാണ് ലക്ഷ്യം.
തലസ്ഥാനത്തെ എട്ട് അതിര്‍ത്തികളിലും തിരക്കേറിയ കേന്ദ്രങ്ങളിലും ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെങ്കോട്ടയെയും സമീപ പ്രദേശങ്ങളെയും വിവിധ തട്ടുകളാക്കി തിരിച്ചാണ് സുരക്ഷാവിന്യാസം. രാജ്യത്തിന്‍റെ അന്താരാഷ്ട്ര അതിര്‍ത്തികളിലും ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെല്‍ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ സംവിധാനം ഒരുക്കി. ചെങ്കോട്ടയുടെ റഡാര്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല ചെങ്കോട്ടയ്ക്ക് മുകളിലെ ആകാശം വ്യോമസേനയുടെ പ്രത്യേക നിയന്ത്രണത്തില്‍ ആക്കിയിട്ടുമുണ്ട്.
അതിനിടെ സുരക്ഷ സംബന്ധിച്ച ജാഗ്രതാനിര്‍ദേശങ്ങളും പൊലീസിന് വിവിധ ഏജന്‍സികള്‍ നല്‍കി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഐഇഡി അടക്കമുള്ള അത്യുഗ്ര ശേഷിയുള്ള ആയുധങ്ങളുമായി ചില തീവ്രവാദ ഗ്രൂപ്പ് അംഗങ്ങളെ സേനകള്‍ പിടികൂടിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നും കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ചിലര്‍ പിടിയിലായത്.
ഡ്രോണുകള്‍ക്കും നിയന്ത്രണം :ചില പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ ഡ്രോണ്‍ മാര്‍ഗം എ കെ 47 തോക്കുകളും, ഗ്രനേഡുകളും, പിസ്റ്റളുകളും രാജ്യത്ത് എത്തിച്ചെന്നാണ് മറ്റൊരു മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കും സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. മൂര്‍ച്ചയുള്ള ആയുധങ്ങളോ, സ്ഫോടക വസ്തുക്കളോ ഉപയോഗിച്ച് വാഹനങ്ങളിലോ മറ്റോ ഒറ്റയ്ക്ക് എത്തുന്ന ചിലര്‍ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പറത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചും ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ പട്ടങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ചെങ്കോട്ടയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ഓരോ വസ്തുവും ശക്തമായ നിരീക്ഷണത്തിലായിരിക്കണമെന്നും സേനാനേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കി.
എസ്‌എഫ്‌ജെ, ജെയ്‌ഷെ മുഹമ്മദ് (ജെഇഎം), ഐഎസ്‌ഐഎസ് ഖുറാസാൻ എന്നീ ഭീകര സംഘടനകൾ ഓഗസ്റ്റ് 15ന് വൻ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ വർഷം, ചെങ്കോട്ടയ്ക്ക് ചുറ്റും പ്രത്യേക തരം അലാം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും സംശയാസ്പദമായ ചലനങ്ങളുണ്ടായാല്‍ നിരീക്ഷിക്കാന്‍ ഏളുപ്പമാകും.
ചെങ്കോട്ടയില്‍ എത്തുക 250 ഓളം പ്രമുഖര്‍ :തിങ്കളാഴ്‌ച ചെങ്കോട്ടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 250 ഓളം പ്രമുഖരെ കൂടാതെ ഏകദേശം 8,000-10,000 പേര്‍ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊലീസ് സമീപ പ്രദേശങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള 1,000 ക്യാമറകള്‍ സ്ഥാപിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ 1,000 സംശയാസ്പദമായ വ്യക്തികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.