ഭോപ്പാൽ: ബാലാസ്റ്റ് എന്ന വാക്ക് ബ്ലാസ്റ്റ് എന്ന് കേട്ട എയർപോർട്ട് ജീവനക്കാരിക്ക് പറ്റിയ അമളി രാജ ഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. വ്യാഴാഴ്‌ച പുലർച്ചെയാണ് ജീവനക്കാരിയുടെ കേൾവിപ്പിഴവിൽ വിമാനത്താവളത്തിൽ സുരക്ഷാഭീതി സൃഷ്‌ടിക്കുകയും മണിക്കൂറുകളോളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തത്.
ഇൻഡിഗോയുടെ കൗണ്ടറിലാണ് ആഗ്രയിലേക്കുള്ള 6E-7931 വിമാനത്തിന്‍റെ ബാലസ്റ്റിനെക്കുറിച്ച് അന്വേഷിച്ച് ഒരു കോൾ ലഭിച്ചത്. അധിക ഭാരം എന്നർഥം വരുന്ന വാക്കാണ് ബാലസ്റ്റ്. വ്യോമയാന മേഖലയിലും റെയിൽവേയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമാണിത്. വായുവിൽ ബാലൻസ് നിലനിർത്താൻ ആവശ്യമായ യാത്രക്കാരുടെ ഭാരം വിമാനത്തിൽ ഇല്ലെങ്കിൽ വിമാനത്തിൽ ലോഡ് ചേർക്കാൻ എയർലൈനുകൾ ഉപയോഗിക്കുന്ന പദമാണ്.