ന്യൂഡല്‍ഹി: നഗ്രോട്ടയില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച സൈന്യത്തെ പ്രശംസിച്ച് നരേന്ദ്ര മോദി. സൈന്യത്തിന്‍റെ ജാഗ്രത അതിര്‍ത്തിയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന തകര്‍ത്തെത്ത് പ്രധാനമന്ത്രി വ്യക്തമാക്കി. വലിയ തോതില്‍ ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും കൈവശമുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ നാല് തീവ്രവാദികളെ വധിച്ചുകൊണ്ട് ഭീകരരുടെ ശ്രമങ്ങളെ വീണ്ടും പരാജയപ്പെടുത്തിയെന്ന് മോദി ട്വീറ്റ് ചെയ്‌തു. നമ്മുടെ സുരക്ഷാ സേന വീണ്ടും ധീരതയും വൈദഗ്‌ധ്യവും തെളിയിച്ചെന്നും സൈന്യത്തിന്‍റെ ജാഗ്രതയ്‌ക്ക് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
നഗ്രോട്ട ഏറ്റുമുട്ടല്‍; സുരക്ഷാസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി
നമ്മുടെ സുരക്ഷാ സേന വീണ്ടും ധീരതയും വൈദഗ്‌ധ്യവും തെളിയിച്ചു. സൈന്യത്തിന്‍റെ ജാഗ്രതയ്‌ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നവംബര്‍ 19ന് ജമ്മു കശ്‌മീരിലെ നഗ്രോട്ട ബാന്‍ ടോള്‍ പ്ലാസയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് ഭീകരരെ പരാജയപ്പെടുത്തിയത്. ട്രക്കില്‍ ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ്, ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ പ്രത്യേക സംഘം എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. പുലര്‍ച്ചെ 4.20ന് ടോള്‍ പ്ലാസയിലെത്തിയപ്പോഴാണ് ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരരില്‍ നിന്ന് 11 എകെ 47 തോക്കുകള്‍, 3 പിസ്റ്റളുകള്‍, 29 ഗ്രനേഡുകള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ കശ്‌മീര്‍ താഴ്‌വരയിലെത്തിയതാകാമെന്ന് അധികൃതര്‍ സംശയിക്കുന്നു. പാക് നിര്‍മിത മരുന്നുകളും ഭീകരരില്‍ നിന്ന് സൈന്യം കണ്ടെടുത്തിട്ടുണ്ട്.