ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ (Pulwama Securuty Forces and Terrorists Clash) സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ (Clash Between Securuty Forces and Terrorists). പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെയാണ് (ഓഗസ്റ്റ് 20) മേഖലയില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെയും സുരക്ഷസേനയേയും വിന്യസിച്ചതായി കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയില്‍ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് (ഓഗസ്റ്റ് 21) രാവിലെയാണ് സുരക്ഷ സേന പുനരാരംഭിച്ചത്. വെളിച്ചക്കുറവിനെ തുടര്‍ന്നായിരുന്നു സൈന്യം രാത്രിയില്‍ മേഖലയിലെ തെരച്ചില്‍ താത്‌കാലികമായി നിര്‍ത്തിവച്ചത്.
പ്രദേശത്ത് കൂടുതല്‍ ജാഗ്രതയോടെയാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇടതൂര്‍ന്ന നെല്‍വയലുകള്‍ ഉള്ള പ്രദേശമായതുകൊണ്ട് തന്നെ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ വെടിവയ്‌പ്പുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാത്തില്‍ മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു വെടിവയ്‌പ്പുണ്ടായത്.