പാര്‍ലമെന്‍റിനകത്തും പുറത്തും കളര്‍ സ്‌പ്രേയുമായി പ്രതിഷേധം ന്യൂഡല്‍ഹി:ലോക്‌സഭയില്‍ വൻ സുരക്ഷ വീഴ്‌ച (Lok Sabha Security breach). 2001 ല്‍ ഇതേ ദിവസമാണ് പാര്‍ലമെന്‍റിന് നേരെ ആക്രമണം നടന്നത്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തില്‍ തന്നെ ഇത്തരം ഒരു സുരക്ഷ വീഴ്‌ച ഉണ്ടായത് രാജ്യത്തെ ആകെ നടുക്കി.
ലോക്‌സഭ സന്ദർശക ഗാലറിയില്‍ നിന്ന് രണ്ട് പേർ താഴേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഷൂ ഊരി എറിയാനായി ഇവരുടെ ശ്രമം. എംപിമാർ ചേർന്ന് രണ്ട് പേരെയും പിടികൂടി (man jumped between the MPs with tear gas in Lok Sabha).
'ദാനാസാഹി നഹി ചലേഗി' മുദ്രാവാക്യം വിളിച്ചു. ഇവരില്‍ നിന്ന് മഞ്ഞ നിറമുള്ള സ്പ്രേ പിടികൂടി. ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം.
ഷൂവിന് ഉള്ളില്‍ നിന്നാണ് സ്‌പ്രേ പുറത്തെടുത്തത്. അതേ സമയം അക്രമികൾക്ക് പാസ് നല്‍കിയത് ബിജെപി എംപിയാണെന്ന് കണ്ടെത്തി. എംപിമാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
അതേസമയം നിറമുള്ള സ്പ്രേയുമായി രണ്ട് പേർ പാർലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു. നീലം, അമേല്‍ ഷിന്‍ഡേ എന്നിവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഒരു യുവതിയടക്കം 4 പേരെ പിടികൂടി എന്നാണ് റിപ്പോര്‍ട്ട്.
രണ്ടുപേരെ പാർലമെന്‍റിനുള്ളിൽ നിന്നും മറ്റ് രണ്ട് പേരെ പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം ലോക്‌സഭ ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2 മണി വരെ നിർത്തിവച്ചിരിക്കുകയാണ്.