തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ ഹൈദരാബാദ്:സെക്കന്തരാബാദിൽ ആറ് നില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിനുള്ളിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, കെട്ടിടത്തിനുള്ളിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുകയാണെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഡെക്കാൻ സ്‌പോർട്‌സ് നിറ്റ്‌വെയർ മാളിൽ ജോലി ചെയ്യുന്ന വസീം (36), ജുനൈദ് (32), സഹീർ (22) എന്നിവരെയാണ് തീപിടിത്തത്തിൽ കാണാതായതെന്ന് രാംഗോപാൽപേട്ട് പൊലീസ് അറിയിച്ചു.
വ്യാഴാഴ്‌ച രാവിലെ 10.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. ജി+5 കെട്ടിടത്തിലെ ഡെക്കാൻ സ്‌പോർട്‌സ് നിറ്റ്‌വെയർ മാളിലാണ് സംഭവം. ചുറ്റുപാടുമുള്ള 20 ഓളം കെട്ടിടങ്ങളെയും തീപിടിത്തം സാരമായി ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ നൂറു കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
തീ അണയ്ക്കാൻ ഏർപ്പെട്ടിരുന്ന രണ്ട് ഫയർ ഓഫിസർമാർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല അസിസ്റ്റന്‍റ് ഫയർ ഓഫിസർ (എഡിഎഫ്ഒ) ധനുഞ്ജയ് റെഡ്ഡി, ഫയർ എഞ്ചിൻ ഡ്രൈവർ നർസിംഗ റാവു എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ ബോധരഹിതരായത്.
ആഭ്യന്തര മന്ത്രി മഹമൂദ് അലിയും മന്ത്രി തലസാനി ശ്രീനിവാസ് യാദവും സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സംഭവ സ്ഥലത്തിനടുത്തുള്ള കിംസ് ആശുപത്രിയിലെ വനിത ജീവനക്കാരുടെ ഡോർമിറ്ററി ഒഴിപ്പിച്ചു. ഡെക്കാൻ മാളിന്‍റെ ഇടതുവശത്തുള്ള നല്ലഗഡ്ഡ ബസ്‌തിയിലെ 20 വീടുകൾക്ക് തീപിടിത്തത്തിൽ നേരിയ കേടുപാടുകൾ സംഭവിച്ചു.
തീപിടിത്തത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തതായി രാംഗോപാൽപേട്ട് സിഐ ലിംഗേശ്വര റാവു പറഞ്ഞു. കെട്ടിടത്തിന്‍റെ ഉടമകളുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് കെട്ടിടത്തിലെ ഗോഡൗൺ നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
അനധികൃത ഗോഡൗണുകൾക്കെതിരെ കർശന നടപടി: നഗരത്തിലെ അനധികൃത ഗോഡൗണുകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തിൽ ഒരാഴ്‌ച്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.