ജയ്‌പൂർ :ജനാധിപത്യത്തിലെ പ്രധാന ഘടകമായ മതേതരത്വം രാജ്യത്ത് ഇന്ന് നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സ്‌പീക്കർ എം.ബി. രാജേഷ്. ജയ്‌പൂരിൽ ഇന്ത്യൻ യൂത്ത് പാർലമെന്‍റിനെ അഭിസംബോധന ചെയ്‌ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശം, രാഷ്‌ട്രീയ അവകാശം, സാമ്പത്തിക അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് രാജ്യത്തെ എല്ലാ പൗരർക്കും അവബോധം നൽകുന്നതാണ് ഭരണഘടന. നിർഭാഗ്യവശാൽ അത്തരം അവകാശങ്ങൾ ഇന്ന് രാജ്യത്ത് ഗുരുതരമായ വെല്ലുവിളി നേരിടുന്നുവെന്നതാണ് വാസ്‌തവം.
ജനാധിപത്യവും മതേതരത്വവും ഒന്നാണ്. മതേതരത്വമില്ലാതെ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ല. അതിനാൽ രാജ്യത്തെ മതേതര ഘടന ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി ജനാധിപത്യവും ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.