ധര്‍മശാല:ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7 ന് ധർമ്മശാലയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 62 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും ജയിച്ച് ആഴ്‌ചകളുടെ ഇടവേളയിൽ മറ്റൊരു പരമ്പര കൂടി സ്വന്തമാക്കാനാകും ഇന്ന് ഇന്ത്യയിറങ്ങുക.
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ടീമില്‍ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ദീപക് ഹൂഡയും ടീമില്‍ തുടര്‍ന്നേക്കും. സൂര്യകുമാര്‍ യാദവിന്‍റെ അഭാവത്തിലാണ് ഓള്‍റൗണ്ടറായ ഹൂഡക്ക് അവസരം ലഭിച്ചത്.
മറുവശത്ത് ശ്രീലങ്കയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കിയത് ചരിത് അസലന്‍കയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ്. മറ്റൊരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.