ന്യൂഡല്‍ഹി:പശ്ചിമ ബംഗാളിലെയും അസമിലെയും വോട്ടര്‍മാരെല്ലാം സമ്മദിദാന അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. രണ്ട് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.
അസമിലെ 39 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലുമാണ് വോട്ടിങ് നടക്കുന്നത്. സൗത്ത് 24 പര്‍ഗനാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്ദു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.
സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെന്‍ട്രല്‍ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങള്‍. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്. മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.
ദേശീയ തലത്തില്‍ തന്നെ മമതയും സുവേന്തു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ശ്രദ്ധ നേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദി പിടിച്ചെടുക്കുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇടത് കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം 15, കോണ്‍ഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോര്‍വേഡ് ബ്ലോക്ക് ഒന്ന് വീതം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു. അസമിലെ രണ്ടാംഘട്ടത്തില്‍ ബിജെപി 34, കോണ്‍ഗ്രസ് 28 വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.