കാർവാർ :കർണാടക കാർവാറിലെ ടാഗോർ ബീച്ചിൽ 'ഗൂസ് ബാർണക്കിളു'കളെ കണ്ടെത്തി.ഇന്ത്യന്‍ തീരമേഖലയില്‍ അത്ര വ്യാപകമായി കാണപ്പെടാത്ത കടൽജീവിയാണിത്. കാണാൻ ഷെൽ പോലെ തോന്നിക്കുമെങ്കിലും ഇവ കക്കകളുടെയും മറ്റും ഇനത്തിൽപ്പെട്ടതല്ല. സാധാരണയായി 2 സെന്‍റീമീറ്റർ മുതൽ 8 സെന്‍റീമീറ്റർ വരെയാണ് ഇവയുടെ വളര്‍ച്ച.
കടലിലെ പാറകൾ, കപ്പലുകൾ, കയറുകൾ, കുപ്പികൾ എന്നിവയിൽ പറ്റിപ്പിടിച്ചാണ് ഇവ ജീവിക്കുന്നത്. സ്‌പെയിനിലെയും പോർച്ചുഗലിലെയും ആളുകൾ ഭക്ഷണമായി ഉപയോഗിക്കുന്ന ഇവ പോഷകസമൃദ്ധമാണെന്ന് മറൈൻ ബയോളജിസ്റ്റ് ശിവകുമാർ ഹരാഗി പറഞ്ഞു.
ഗൂസ് ബാർണക്കിൾ :സ്റ്റാക്ക്ഡ് ബാർണക്കിൾസ്, ഗൂസ്നെക്ക് ബാർണക്കിൾസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കടലിലെ ഇന്‍റർടൈഡൽ സോണിലെ പാറകളുടെയും ഒഴുകുന്ന വസ്തുക്കളുടെയും മറ്റും അടിയിൽ പറ്റിപ്പിടിച്ച് വസിക്കുന്നവയാണിവ. വേലിയേറ്റങ്ങളിലാണ് ഇവയെ തീരങ്ങളിൽ കാണുക. ഇവ ജലം ശുദ്ധീകരിക്കുന്നതിന് പ്രധാനപങ്ക് വഹിക്കുന്നുമുണ്ട്.
പോർച്ചുഗലിലും സ്‌പെയിനിലും വ്യാപകമായി ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഇവ ചെലവേറിയ വിഭവമാണ്. കിലോയ്‌ക്ക് 100 പൗണ്ട് വരെയൊക്കെ നല്‍കേണ്ടതുണ്ട്. വാണിജ്യപരമായി ഐബീരിയൻ വടക്കൻ തീരത്ത്, പ്രധാനമായി ഗലീഷ്യയിലും അസ്റ്റൂറിയസിലും തെക്കുപടിഞ്ഞാറൻ പോർച്ചുഗീസ് തീരത്തുമാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. കൂടാതെ, മൊറോക്കോയിൽ നിന്ന് ഇവ ഇറക്കുമതി ചെയ്യാറുമുണ്ട്.
1999 കാലഘട്ടത്തിൽ കാനഡയിൽ നിന്ന് സ്‌പെയിനിലേക്ക് ഇത് ഇറക്കുമതി ചെയ്‌തിരുന്നു. പിന്നീട് ഇതിന്‍റെ സ്റ്റോക്ക് കുറഞ്ഞതിനാൽ കനേഡിയൻ സർക്കാർ കയറ്റുമതി നിർത്തുകയായിരുന്നു. വെളുത്ത ഷെല്ലുകളെ ബന്ധിപ്പിക്കുന്ന മാംസളമായ തണ്ട് പോലെയുള്ള ഭാഗമാണ് ഭക്ഷ്യയോഗ്യമായത്.