ഉത്തരകാശി: ഉത്തരാഖണ്ഡിലെ യമുന ദ്വീപിലകപ്പെട്ട രണ്ട് സ്‌ത്രീളെയും മൂന്ന് കന്നുകാലികളെയും കരയ്‌ക്കെത്തിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉത്തരകാശി ജില്ലയിലെ ബനാസ് ഗ്രാമത്തില്‍ വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 16) രാവിലെയാണ് സംഭവം.
ഉത്തരാഖണ്ഡില്‍ കനത്ത മഴ; യമുന ദ്വീപിലകപ്പെട്ട സ്‌ത്രീകളെയും കാലികളെയും കരയ്‌ക്കെത്തിച്ചു
സെപ്‌റ്റംബര്‍ 16ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള യമുന ദ്വീപിലാണ് രണ്ട് സ്‌ത്രീകളും മൂന്ന് കന്നുകാലികളും അകപ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഉത്തരാഖണ്ഡില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. വളര്‍ത്തുമൃഗങ്ങളെ മേയ്‌ക്കാന്‍ ദ്വീപിലെത്തിയപ്പോള്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് സ്‌ത്രീകളും കന്നുകാലികളും ഒറ്റപ്പെടാന്‍ ഇടയാക്കിയത്. ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ യോഗേന്ദ്ര ഭണ്ഡാരി നേതൃത്വം നല്‍കുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് പൂർണ സുരക്ഷയോടെ കയര്‍ ഉപയോഗിച്ചാണ് സ്‌ത്രീകളെയും കാലികളെയും നദിക്കരയില്‍ എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ ഒരു സ്‌ത്രീയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധുവിനൊപ്പം അയച്ചു. സംസ്ഥാനത്തെ കുമയോൺ, ഗർവാൾ മേഖലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല ജില്ലകളിലും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.