മുംബൈ:എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേൾ കുത്തി. ഏപ്രിൽ 23ന് നാഗ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഉടൻ തന്നെ യാത്രക്കാരിക്ക് ചികിത്സ നൽകിയെന്നും അവർ അപകടനില തരണം ചെയ്‌തുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
'വിമാനത്തിനുള്ളിൽ വച്ച് ഒരാൾക്ക് തേളിന്‍റെ കുത്തേറ്റു. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. 2023 ഏപ്രിൽ 23ന് തങ്ങളുടെ AI 630 വിമാനത്തിലെ ഒരു യാത്രക്കാരിയെയാണ് തേൾ കുത്തിയത്. വിമാനം ലാൻഡ് ചെയ്‌തപ്പോൾ തന്നെ യുവതിക്ക് വൈദ്യചികിത്സ നൽകുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. തുടർന്ന് അപകടനില തരണം ചെയ്‌ത് യുവതിയെ ഡിസ്‌ചാർജ് ചെയ്യുന്നതുവരെ എല്ലാ പിന്തുണയും നൽകിയെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു'.
സംഭവത്തെ തുടർന്ന് എയർ ഇന്ത്യയുടെ എൻജിനീയറിങ് സംഘം വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്‌തു. യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും തങ്ങൾ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
വിമാനത്തിന്‍റെ കോക്‌പിറ്റിൽ പാമ്പിനെ കണ്ടെത്തി : നേരത്തെയും വിമാനത്തിൽ ഉരഗങ്ങളെ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വോസ്റ്ററിൽ നിന്ന് നെൽസ്പ്രൈറ്റിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍റെ കോക്പിറ്റിൽ പാമ്പ് കയറിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ദക്ഷിണാഫ്രിക്കൻ പൈലറ്റായ റുഡോൾഫ് എറാസ്മസ് ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റ് ഉൾപ്പെടെ 5 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരിക്കുന്ന സ്ഥലത്ത് തണുപ്പ് അനുഭവപ്പെടുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ പൈലറ്റ് കണ്ടത്. വിമാനത്തിൽ പാമ്പ് കയറി എന്ന വിവരം പൈലറ്റ് യാത്രക്കാരെയും അറിയിച്ചു.