ഹൈദരാബാദ്:ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 (Chandrayaan 3) വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്‌ത്രജ്ഞരിൽ ഒരാളാണ് മൈസൂരു സ്വദേശിനിയായ എംവി രൂപ. ലാൻഡറിന്‍റെയും റോവറിന്‍റെയും ഓപ്പറേഷൻ ഡയറക്‌ടറായിരുന്ന രൂപ ചന്ദ്രയാൻ 3ന്‍റെ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്‌ടറുമായിരുന്നു. നേരത്തെ വിക്ഷേപിച്ച മംഗൾയാൻ, ഓഷ്യൻസാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളുടെയും ചുമതലയും വഹിച്ചിട്ടുണ്ട്. ചന്ദ്രയാൻ ദൗത്യത്തിന്‍റ വിജയത്തിന് പിന്നാലെ ഇടിവി ഭാരത് പ്രതിനിധിയുമായി എംവി രൂപ സംസാരിക്കുന്നു (Chandrayaan 3 Deputy Director Roopa).
'ഞാൻ ജനിച്ചതും വളർന്നതും മൈസൂരിലാണ്. പിതാവ് മാരാലി വസന്തകുമാർ കന്നഡ സാഹിത്യകാരനും പ്രൊഫസറുമാണ്. ജെയ്‌ചമ രാജേന്ദ്ര കോളജിൽ നിന്ന് ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് എന്നിവയിൽ എഞ്ചിനീയറിങ്ങും കമ്പ്യൂട്ടർ സയൻസിൽ എംടെക്ക് പൂർത്തിയാക്കി. സ്‌പോർട്‌സിലും താൽപര്യമുണ്ട്. ഖൊഖൊ, നീന്തൽ എന്നിവയിൽ ദേശീയതലത്തിൽ സ്വർണം നേടിയിട്ടുണ്ട്. ഭർത്താവ് മാവാർ എഞ്ചിനീയറിങ് കോളജിൽ പ്രൊഫസറായിട്ട് ജോലി ചെയ്യുകയാണ്.
'ബെംഗളൂരു ഐഎസ്ആർഒയിലെ സ്‌പേസ്‌ക്രാഫ്‌റ്റ് കൺട്രോളർ വിഭാഗത്തിലെ ശാസ്‌ത്രജ്ഞയായാണ് എന്‍റെ കരിയർ ആരംഭിച്ചത്. പത്തുവർഷം നീണ്ട പ്രയ്‌ത്നങ്ങൾക്കൊടുവിലാണ് എനിക്ക് ഉപഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ചുമതല ലഭിച്ചത്. ഉപഗ്രഹം വിക്ഷേപിക്കന്നത് മുതൽ വർഷങ്ങളോളം നിരീക്ഷിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും വേണം. ചില ഉപഗ്രഹങ്ങൾ മൂന്ന് വർഷവും മറ്റുള്ളവ എട്ട് വർഷം വരെയും പ്രവർത്തിക്കുന്നു. മറ്റൊന്നിന്‍റെ പ്രവർത്തനം 20ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ പേലോഡുകളുടെ പ്രവർത്തനം ക്രമത്തിലാണോ എന്ന് വിശകലനം ചെയ്‌ത ശേഷം റിപ്പോർട്ട് തയ്യാറാക്കും.
ഓഷ്യൻസാറ്റ്-2 ഉപഗ്രഹത്തിന്‍റെ മാനേജരായി ചുമതലയേറ്റ ഞാൻ 12 വർഷം ആ പദവിയിൽ പ്രവർത്തിച്ചു. ആ ദൗത്യത്തിന്‍റെ മികച്ച പ്രകടനത്തിന്‍റെ ബലത്തിൽ മംഗൾയാൻ ഉപഗ്രഹത്തിന്‍റെ പ്രവർത്തന ഡയറക്‌ടറായി എന്നെ നിയമിച്ചു. എട്ട് വർഷത്തോളമാണ് ഞാൻ ആ ഉത്തരവാദിത്തം വഹിച്ചത്. ഈ അനുഭവങ്ങളാണ് ചന്ദ്രയാൻ-2, 3 എന്നി ദൗത്യങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം നൽകിയത് (Deputy Director Roopa on Chandrayaan 3).