ന്യൂഡൽഹി : രാജ്യത്ത് രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം ഓരോ ദിവസവും കുറയുന്നുണ്ടെങ്കിലും സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തില്‍ കേന്ദ്രവും മിക്ക സംസ്ഥാന സർക്കാരുകളും.
വിദഗ്‌ധർ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രവചിച്ചിരിക്കുന്നത് കണക്കിലെടുത്താണ് സർക്കാരുകളുടെ തീരുമാനം. എന്നാൽ, കൊവിഡ് നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്‌കൂളുകൾ തുറക്കണമെന്നതാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും രക്ഷാകർതൃ സംഘടനകളുടെയും ആവശ്യം.
ഡൽഹിയിൽ സ്‌കൂളുകൾ തുറക്കണമെന്ന് ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ
കൂടുതൽ കാലം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ബാലവേല, ലൈംഗിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നതായി ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അശോക് അഗർവാൾ പറഞ്ഞു.
അൺലോക്ക് നിലവിൽ വന്നിട്ടും എന്തുകൊണ്ടാണ് സ്‌കൂളുകൾ തുറക്കാത്തതെന്നും ആവശ്യമായ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 50 ശതമാനം വിദ്യാർഥികളെ പ്രവേശിപ്പിച്ച് ക്ലാസുകൾ നടത്താൻ ഡൽഹി സർക്കാർ തയ്യാറാവണമെന്നും അഗർവാൾ പറഞ്ഞു.
ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന റേഷൻ കടകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും ഉടനടി മാറ്റണമെന്നും എത്രയും വേഗം സ്‌കൂളുകൾ തുറക്കണമെന്നും ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2020 മാർച്ചിന് ശേഷം ഡൽഹിയിലെ ഏകദേശം 25 ലക്ഷം വിദ്യാർഥികൾക്ക് പതിവ് വിദ്യാഭ്യാസം നേടാനായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.
ഭൂരിഭാഗം രക്ഷിതാക്കൾക്കും താത്പര്യം സ്‌കൂളുകൾ തുറക്കാതിരിക്കുന്നത്
പുതുതായി പുറത്തുവരുന്ന സർവേകൾ പ്രകാരം രാജ്യത്തെ 70 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയയ്ക്കാൻ തയ്യാറല്ല. തങ്ങളുടെ പ്രദേശങ്ങളിലെ കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണവിധേയമാകുന്നതുവരെ സ്‌കൂളുകൾ തുറക്കരുതെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ബാക്കിയുള്ള 30 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാൻ തയ്യാറാണ്.
സ്‌കൂളുകൾ അടഞ്ഞുകിടക്കുമെന്ന് ഡൽഹി സർക്കാർ