അമരാവതി:ഗുണ്ടൂർ ജില്ലയിലെ വട്ടിചെറുക്കുരു ഗ്രാമത്തിൽ 12 വയസുകാരിയോട് മോശമായി പെരുമാറിയ അധ്യാപകനെ മർദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കൾ. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സംഘം സ്കൂളിലെത്തിയാണ് ഹിന്ദി അധ്യാപകനായ രവിബാബുവിനെ (58) മർദിച്ചത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെതിരെ പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഉൾപ്പെടുത്തി കേസെടുത്തു.
തിങ്കളാഴ്‌ചയാണ് സ്കൂളിൽ വെച്ച് പെണ്‍കുട്ടിയോട് അധ്യാപകനായ രവിബാബു മോശമായി പെരുമാറിയത്. പെണ്‍കുട്ടി കുതറിയോടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലമായി പിടിച്ചുവച്ച് ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് ഉപദ്രവ ശ്രമം അറിയുന്നത്.