നൈഹാത്തി : രണ്ട് കുട്ടികളെ വിഷം കൊടുത്ത് കൊന്നശേഷം അധ്യാപകൻ ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാത്തിയിലാണ് സംഭവം. മരിച്ച അധ്യാപകന്‍റെ വിവാഹേതര ബന്ധമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന (Teacher Kills 2 Children and Dies).
വീടിന് സമീപം സ്വന്തം പുരയിടത്തില്‍ തന്നെ സ്‌ഥിതി ചെയ്യുന്ന പമ്പ് ഹൗസിലാണ് മരവിച്ച നിലയില്‍ അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങള്‍ പമ്പ് ഹൗസിനോട് ചേര്‍ന്ന കുളത്തിൽ ഒഴുകിനടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനയച്ചു.
മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മരിച്ച അധ്യാപകന്‍റെ കുടുംബം. നാദിയ എന്ന സ്ഥലത്ത് ഹൈസ്‌കൂൾ അധ്യാപകനായി ജോലി ചെയ്‌ത് വരികയായിരുന്നു ഇയാൾ. എന്നാൽ ഇയാൾക്ക് അയൽവാസിയായ യുവതിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായും, അതുമൂലം വിവാഹബന്ധത്തിൽ വിള്ളലുണ്ടായതായും പറയപ്പെടുന്നു.
Also Read:ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ കസ്റ്റഡിയിൽ
അവിഹിത ബന്ധത്തെ എതിർത്ത ഭാര്യയെ ഇയാൾ മർദ്ദിച്ചിരുന്നതായും ആരോപണമുണ്ട്. മർദ്ദനത്തെത്തുടർന്ന് ഭാര്യ കുറച്ചുനാൾ ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു. ഈ സംഭവത്തിനുശേഷം ഭാര്യ ഇയാളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽനിന്ന് ദൂരെ മാറി മറ്റൊരു വീട്ടിലാണ് ഭാര്യ താമസിച്ചിരുന്നത്.
ഇവരുടെ വീടിനോട് ചേർന്നുള്ള തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന യുവതിയുമായി അധ്യാപകന് ബന്ധമുണ്ടായിരുന്നതായി വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭാര്യ പറഞ്ഞു. "അവരെ പറഞ്ഞുവിടാനും മറ്റൊരാളെ ജോലിക്കെടുക്കാനും ഞാൻ ഭർത്താവിനോട് പറഞ്ഞു, എന്നാൽ അത് പറഞ്ഞയുടനെ അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു. ഞാൻ ഒരുവിധത്തിലാണ് അവിടെനിന്ന് രക്ഷപ്പെട്ടത്. ഇതുമൂലം ഞങ്ങൾക്കിടയിൽ കലഹമുണ്ടായി" - ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
ഭാര്യയിൽനിന്ന് അകന്നതിനാൽ അധ്യാപകൻ മാനസിക സംഘർഷം നേരിട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. വിഷമം മാറ്റാൻ മിക്ക ദിവസവും രണ്ട് കുട്ടികളുമായി ഇയാൾ തൊട്ടടുത്ത കളിസ്ഥലത്ത് പോയിരിക്കാറുണ്ടായിരുന്നു. പലപ്പോഴും വീടിനോട് ചേർന്ന സ്വന്തം വസ്‌തുവിലും ഇയാൾ കുട്ടികളോടൊപ്പം നടക്കാനിറങ്ങാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്‌ചയും അധ്യാപകനെ ഇവിടെ കണ്ടിരുന്നു.
Also Read:യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനെ തല്ലികൊന്ന് യുവതിയുടെ ബന്ധുക്കൾ
എന്നാൽ ചൊവ്വാഴ്‌ച രാവിലെ മുതൽ വീട്ടിൽ നിന്ന് ആരെയും പുറത്തുകണ്ടിട്ടില്ല. ആരും പുറത്തേക്ക് പോകുന്നതും വരുന്നതും കാണാതെ വന്നപ്പോൾ സംശയം തോന്നിയ അയൽവാസികൾ വാതിലിൽ മുട്ടിയെങ്കിലും അകത്തുനിന്ന് ആരും പ്രതികരിച്ചില്ല. ഇതോടെ നടത്തിയ തെരച്ചിലിനിടെയാണ് വീട്ടിൽനിന്ന് അൽപം മാറിയുള്ള പമ്പ് ഹൗസിൽ അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി.