പട്‌ന: കൊവിഡ് മഹാമാരിയെ ചെറുക്കാനായി സ്‌മാർട്ട് ഫേസ് മാസ്‌ക് നിർമിച്ച് ഗ്യാൻ നികേതൻ സ്‌കൂളിലെ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾ. ശശാങ്ക് ദേവ്, പ്രത്യുഷ് ശർമ എന്നിവരാണ് സാധാരണ മാസ്‌കുകളേക്കാൾ മികച്ചതെന്ന് അവകാശപ്പെടുന്ന സ്‌മാർട്ട് മാസ്‌കുകൾ നിർമിച്ചത്. സ്വയമേ പ്രവർത്തിക്കുകയും ഏതെങ്കിലും മനുഷ്യ ശരീരം രണ്ടടി പരിധിയിൽ വന്നാൽ മാസ്‌ക് ഉപയോഗിക്കുന്നയാളുടെ മുഖം സ്വയം മറയ്ക്കുകയും ചെയ്യുന്നതാണ് ഇരുവരുടെയും സ്‌മാർട്ട് മാസ്‌ക്.
മഹാമാരി കാലത്ത് ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ശശാങ്കും പ്രത്യുഷും മാസ്‌ക് നിർമിച്ചത്. ഓട്ടോമാറ്റിക് സെൻസർ ഘടിപ്പിച്ചിരിക്കുന്ന മാസ്‌ക് തെറ്റായ രീതിയിൽ മാസ്‌ക് ധരിക്കുന്നവർക്ക് ഉപകാരപ്രദമാകുമെന്ന് ഇരുവരും അവകാശപ്പെടുന്നു.
മനുഷ്യ ശരീരം രണ്ടടി പരിധിയിൽ വന്നാൽ ഓട്ടോമാറ്റിക് സെൻസർ പ്രവർത്തിക്കാൻ തുടങ്ങുകയും മാസ്‌ക് സ്വയമേ ധരിച്ചിരിക്കുന്നയാളുടെ വായും മൂക്കും മൂടുകയും ചെയ്യും. മനുഷ്യ ശരീരം രണ്ടടിയിൽ നിന്ന് അകന്ന് പോകുന്ന അവസരത്തിൽ മാസ്‌ക് സ്വയമേ മുഖത്ത് നിന്ന് മാറുകയും ചെയ്യും.