കട്ടക്ക് : ഒഡിഷയിലെ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷ പാസായ വിദ്യാര്‍ഥികളാകെ ഇപ്പോള്‍ അമ്പരപ്പിലാണ്. പരീക്ഷ ജയിച്ച ഒരു സ്‌കൂളിലെ 69 വിദ്യാർഥികൾക്ക് ഒരേ ഫോട്ടോയുള്ള മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. കട്ടക്ക് ജില്ലയിലെ നിഷിന്തകോഹിലി ബ്ലോക്കിലെ ഒരു സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഒരേ ഫോട്ടോയുള്ള മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
ബിഹാറിലെ ലളിത് നാരായണ്‍ മിഥില സര്‍വകലാശാലയില്‍ ബിഎ ഓണേഴ്‌സ് പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി മോദിയുടേയും അമിതാഭ് ബച്ചന്‍റേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതിന് പിറകേയാണ് ഒഡിഷയിലും ഈ മറിമായം. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ സമയത്ത്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകളിൽ അപരന്‍റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വിദ്യാർഥികളുടെ ഭാവിയും തുടര്‍ പഠനവുമൊക്കെ ആശങ്കയിലാണ്.
തെറ്റായ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ അധികൃതർ സ്വീകരിക്കാത്തതിനാൽ പ്ലസ് ടു പ്രവേശന നടപടികളിൽ തടസം നേരിടുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഗ്രഹ മൂല്യനിർണയത്തിനുള്ള ഹോള്‍ ടിക്കറ്റ് ലഭിച്ചപ്പോഴാണ് വിദ്യാർഥികൾ ആദ്യം പിഴവ് കണ്ടെത്തിയത്. ഇക്കാര്യം അവര്‍ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാമത്തെ സംഗ്രഹ മൂല്യനിർണയത്തിൽ ഇത് തിരുത്തുമെന്ന് സ്‌കൂൾ അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
'എന്നാൽ രണ്ടാം മൂല്യനിര്‍ണയത്തിനുള്ള അഡ്‌മിറ്റ് കാർഡിലും ഇതേ പിശക് കണ്ടെത്തി. ഇത്തവണ അഡ്‌മിറ്റ് കാർഡിൽ ഫോട്ടോ പതിക്കാൻ സ്‌കൂൾ അധികൃതർ പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിച്ചു. ഇപ്പോൾ ഞങ്ങൾ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ പോയപ്പോൾ എല്ലാവരുടേതിലും ഒരേ ഫോട്ടോയാണ് അച്ചടിച്ചിരിക്കുന്നത്' - വിദ്യാർഥികൾ പറഞ്ഞു.