ഹൈദരാബാദ് : പത്തൊമ്പത് മാസം പ്രായമുള്ള കുഞ്ഞ് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. ഹൈദരാബാദിലെ ഹബ്‌സിഗുഡയിലാണ് സംഭവം. (19-month-old killed). അശ്രദ്ധമായി വണ്ടിയോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിലെ സഹായി എം റാണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശ്രദ്ധിക്കാതിരുന്നു എന്ന കുറ്റത്തിനാണ് നിര്‍ദ്ദിഷ്ട വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സഹോദരനൊപ്പം എത്തിയ ജ്വലാന മിഥുന്‍ എന്ന കുഞ്ഞിനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛന്‍റെ പരാതിയിലാണ് കേസെടുത്തത്. ഡ്രൈവര്‍ കുട്ടിയെ ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ കുട്ടി ബസിനടിയില്‍പ്പെട്ടു. കുഞ്ഞിന്‍റെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് അപകടത്തില്‍ മരണം :ഹൈദരാബാദിലെ മിത്ര ഹില്‍സില്‍ ഈയാഴ്‌ച ആദ്യം ബൈക്കും കാറും കൂട്ടിയിടിച്ച് മുപ്പത്തിമൂന്നുകാരന്‍ മരിച്ചിരുന്നു. നെദൂരി അരുണ്‍കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്ക് യാത്രികനായ യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. അശ്രദ്ധമായി കാറോടിച്ച ആളാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഈ അപകടമുണ്ടായത്. മിത്ര ഹില്‍സില്‍ നിന്ന് ഹൈദരാനഗറിലേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.