ന്യൂഡല്‍ഹി:രാജ്യത്തെ 257 പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി വാഹനങ്ങളില്ലെന്നും 638 സ്റ്റേഷനുകളില്‍ ടെലഫോണുകള്‍ ഇല്ലെന്നും പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്. രാജ്യത്ത് 16,833 പൊലീസ് സ്‌റ്റേഷനുകളാണുള്ളത്. 143 പൊലീസ് സ്റ്റേഷനുകളില്‍ വയര്‍ലെസോ മൊബൈലോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആധുനിക പൊലീസിങ്ങിന് ശക്തമായ ആശയവിനിമയ പിന്തുണയും അത്യാധുനിക ആയുധങ്ങളും വേഗത്തിലുള്ള പ്രതികരണത്തിന് പ്രത്യേക സംവിധാനങ്ങളും വേണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശ്, ഒഡിഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം പൊലീസ് സ്റ്റേഷനുകള്‍ കൂടുതലുള്ളത്. ജമ്മു കശ്മീർ പോലെയുള്ള വളരെ സെൻസിറ്റീവ് അതിർത്തി പൊലീസ് സ്റ്റേഷനുകളിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്നും കമ്മിറ്റി അറിയിച്ചു.