ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിന്‍റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 21ന് പരിഗണിക്കും. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
ഈ കേസിന്‍റെ തുടക്കം മുതല്‍ തനിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ പറഞ്ഞു. തനിക്കെതിരെയുള്ള കേസും വിധിയും തീര്‍ത്തും രാഷ്‌ട്രീയ പരമാണെന്നും കേസിന് പിന്നാലെ തന്നെ എംപി സ്ഥാനം നഷ്‌ടമായതിനെ കുറിച്ചും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ വ്യക്തമാക്കി. തന്‍റെ രാഷ്‌ട്രീയ എതിരാളിയായ പ്രധാനമന്ത്രിയുടെ നടപടികളെ വിമര്‍ശിക്കാനും അഭിപ്രായങ്ങള്‍ തുറന്ന് പറയാനുമുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹത്തെ വിമര്‍ശിച്ചത് കൊണ്ട് തനിക്കെതിരെയെടുത്ത അപകീര്‍ത്തി പരാതി നിലനില്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം അപകീര്‍ത്തി കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നേരത്തെ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. നിലവില്‍ രാഹുല്‍ ഗാന്ധി നല്‍കി സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമെ അദ്ദേഹത്തിന്‍റെ അയോഗ്യത മാറി ലോക്‌സഭാംഗത്വം പുനസ്ഥാപിക്കാനാകൂ. അതല്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങും.
കേസിന് ആസ്‌പദമായ സംഭവം:2019 ഏപ്രില്‍ 13നാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസിന് കാരണമായ സംഭവമുണ്ടായത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന് പേര് വന്നതെങ്ങനെയെന്ന് പ്രസംഗത്തിനിടെ രാഹുല്‍ ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എന്നിവരെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്.
രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശം മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തതാണെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. പൂര്‍ണേഷ് മോദി നല്‍കിയ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തു.
സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്‌തു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി സൂറത്തിലെ സെഷന്‍സ് കോടതിയില്‍ ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 20ന് കോടതി തള്ളിയിരുന്നു ഇതിന് പിന്നാലെ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയിലെത്തിയെങ്കിലും ഹര്‍ജി തള്ളപ്പെട്ടു. ഇതോടയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
also read:Defamation Case | 'മോദി' അപകീര്‍ത്തി കേസ് : രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ കവിയറ്റുമായി പൂര്‍ണേഷ് മോദി