ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധ്യത തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 17) വിധി പറയും (SC To Pronounce Judgement On Same Sex Marriage). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് 2023 മെയ് 11 ന് കക്ഷികളെ കേട്ട ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു.
മുകുൾ റോഹത്ഗി, നീരജ് കിഷൻ കൗൾ, എ എം സിംഗ്വി, മേനക ഗുരുസ്വാമി, കെ വി വിശ്വനാഥൻ, ആനന്ദ് ഗ്രോവർ, സൗരഭ് കിർപാൽ എന്നീ മുതിർന്ന അഭിഭാഷകർ ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായി. കേസിൽ ഇരുപതോളം ഹര്‍ജിക്കാർക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. സ്വവർഗവിവാഹം അംഗീകരിക്കാത്തത് സമത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു (Pleas seeking legal sanction for same sex marriage).
സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന വിഷയവും ഹർജികളിൽ ഉയർന്നുവരുന്ന നിയമപരവും സാമൂഹികവുമായ ചോദ്യങ്ങളും പരിഗണിക്കുന്നതിനായി മേയില്‍ സുപ്രീം കോടതി മാരത്തൺ ഹിയറിങ് നടത്തി. ഹർജിക്കാരുടെ വാദം അനുവദിക്കുന്നത് വ്യക്തിനിയമങ്ങളുടെ മേഖലയിൽ നാശമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഹർജിയെ എതിർത്തിരുന്നു. സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകണമെന്ന ഹർജിക്കാരുടെ വാദത്തെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ എതിർത്തതായി കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.