ന്യൂഡല്‍ഹി:വിവിപാറ്റ് (voter-verifiable paper audit trail ) പരിശോധനയുമായി ബന്ധപ്പെട്ട പൊതുതാത്‌പര്യ ഹര്‍ജി സുപ്രീം കോടതി നാളെ(9.03.2022) പരിഗണിക്കും. ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് മുമ്പായി വിവിപാറ്റ് പരിശോധന നടത്തണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
നിലവില്‍ വിവിപാറ്റ് പരിശോധന നടത്തുന്നത് ഇവിഎം വോട്ടുകള്‍ എണ്ണിയതിന് ശേഷമാണ്. വോട്ടുകള്‍ എണ്ണിയതിന് ശേഷം വിവിപാറ്റ് പരിശോധന നടത്തുന്നത് വൃഥാ വ്യായാമമാണെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം നടത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയില്‍ വാദിച്ചു. വിവിപാറ്റ് പരിശോധന അവസാനം നടക്കുന്നതുകൊണ്ട് ആ സമയത്ത് ഇലക്ഷന്‍ ഏജന്‍റുമാര്‍ ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെ ആ പരിശോധനയ്ക്ക് സുതാര്യതയില്ലെന്നും അറോറ പറഞ്ഞു.
വിവിപാറ്റ് പരിശോധനയുമായി ബന്ധപ്പെട്ട 2019 ഏപ്രില്‍ എട്ടിലെ സുപ്രീം കോടതി ഉത്തരവ് ചീഫ് ജസ്റ്റീസ് രമണ ചൂണ്ടികാട്ടി. ഈ ഉത്തരവില്‍ ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപാറ്റ് പരിശോധന ഒരു ഇവിഎമ്മില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയിരുന്നു. ഒരു മണ്ഡലത്തിലെ അമ്പത് ശതമാനം പോളിങ് സ്റ്റേഷനുകളിലെങ്കിലും വിവിപാറ്റ് പരിശോധന നടത്തണമെന്നവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.